മാനുഷിക പരിഗണന, നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് ഇറാന്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ മാതാവ് ഇപ്പോഴും യമനില്‍ തുടരുകയാണ്.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി രംഗത്തു വന്നിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും നിമിഷ പ്രിയയുടെ മാതാവ് പറഞ്ഞു.
2020 ലാണ് കേസില്‍ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നാലെ വിധിക്കെതിരെ നിമിഷപ്രിയ അപ്പീലിന് പോയിരുന്നു. എന്നാല്‍ 2022 ല്‍ അപ്പീല്‍ തള്ളുകയും 2023 ല്‍ പരമോന്നത കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page