കുമ്പള: ആരിക്കാടി ഷിറിയ കടവില്‍ പണിയെടുക്കാതെ കൂലി പറ്റിയിരുന്ന കടവ് സൂപ്പര്‍വൈസര്‍ കെ എം അബ്ബാസിനെ കുമ്പള പഞ്ചായത്ത് ഭരണസമിതി തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മാത്രമല്ല, കടവിലെ തൊഴിലാളി ലിസ്റ്റില്‍ നിന്നു അബ്ബാസിനെ പുറത്താക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കടവില്‍ സൂപ്പര്‍വൈസര്‍ തസ്തികയും ഇല്ലാതാക്കിയിട്ടുണ്ട്. പകരം തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ കൃത്യമായി ജോലി ചെയ്യുന്ന ഒരാളെ നിയമിക്കാനും തീരുമാനിച്ചു. യൂത്ത് ലീഗ് നേതാവാണ് അബ്ബാസ്.
അബ്ബാസ് കടവില്‍ മണല്‍ വാരല്‍ ജോലി ചെയ്യുന്നില്ലെന്നു പഞ്ചായത്ത് ഭരണസമിതി കണ്ടെത്തി. ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് സംബന്ധിച്ച് നിരവധി പരാതികളുണ്ടായ പശ്ചാത്തലത്തിലാണ് പഞ്ചായത്തു നടപടി.
കടവില്‍ സ്ഥിതിഗതികള്‍ കൃത്യമായി കണ്ടെത്തുന്നതിന് സിസിടിവി സ്ഥാപിച്ചിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി പ്രവര്‍ത്തനക്ഷമമാക്കാനും ദൃശ്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പപ്പോള്‍ ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിക്കാനും തീരുമാനിച്ചു. കടവില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.
ജോലി ചെയ്യാതെ ദീര്‍ഘനാളായി കൂലി വാങ്ങിയവരില്‍ നിന്ന് അവര്‍ വാങ്ങിയ തുക പലിശ സഹിതം തിരിച്ചുപിടിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.







