കാസര്‍കോട്: ആടിനെ രക്ഷിക്കാന്‍ 50 അടി താഴ്ചയുള്ള കിണറലിറങ്ങി തിരിച്ചുകയറാനാവാതെ കുടുങ്ങിയ യുവാവിന് രക്ഷകരായത് അഗ്‌നിരക്ഷാസേന. വ്യാഴാഴ്ച വൈകുന്നേരം മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശി മുസ്തഫയുടെ വീട്ടുകിണറിലാണ് ആട് വീണത്. ആടിനെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ അയല്‍വാസിയായ അഷറഫിന് (45) തിരിച്ചു കയറാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസറായ ബിഎസ് ജുബില്‍ കിണറ്റിലിറങ്ങി റസ്‌ക്യു നെറ്റിന്റെ സഹായത്തോടെ അഷറഫിനെ പുറത്തെത്തിച്ചു. അവശനിലയിലായ അഷറഫിനെ ഉടന്‍ കാസര്‍കോട് ജനറലാശുപത്രിയിലെത്തിച്ചു. കിണറില്‍ വീണ ആട് ചത്തിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ് അഭിലാഷ്, കെ.വി ഹരികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ഷബില്‍, ഹോംഗാര്‍ഡ് ശൈലേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.







