കാസര്‍കോട്: കടലില്‍ ഇറങ്ങിയുള്ള കുളി ഇങ്ങനെയൊരു ദുരന്തമാകുമെന്ന് ബാംഗ്ലൂരില്‍ നിന്ന് മൊഗ്രാല്‍ ബീച്ചിലെത്തിയ വിനോദസഞ്ചാരികള്‍ കരുതിയിരുന്നില്ല. കുടുംബസമേതം എത്തിയ ബാംഗ്ലൂര്‍ ജയനഗര്‍ സ്വദേശി മീര്‍ മുഹമ്മദ് ഷാഫിയാണ് കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മൊഗ്രാല്‍ തീരത്ത് ഇത് മൂന്നാമത്തെ മുങ്ങിമരണമാണ്.
ഖലീല്‍ കൊപ്പളം,അര്‍ഷാദ് പെര്‍വാഡ് എന്നിവരാണ് നേരത്തെ മരണപ്പെട്ട യുവാക്കള്‍. ഓരോ മരണവും കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന മുറിവ് ചെറുതല്ല. കുടുംബാംഗങ്ങളുടെ തേങ്ങല്‍ ഇവിടെ ഇപ്പോഴും തിരയടിച്ചു നില്‍ക്കുന്നു.
കടലില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ കടല്‍ ഇറങ്ങിയ ഖലീലിന്റെയും, മത്സ്യബന്ധനത്തിന് വലയിടാന്‍ കടലില്‍ ഇറങ്ങിയ അര്‍ഷാദിന്റെയും മൃതദേഹമാണ് അന്ന് മക്കളെ കാത്തിരുന്ന വീട്ടുകാര്‍ക്ക് ലഭിച്ചത്. ആ തേങ്ങലില്‍ നിന്ന് നാടും നാട്ടുകാരും, കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. കുടുംബങ്ങളുടെ ഏക അത്താണിയായിരുന്നു ഈ രണ്ട് യുവാക്കളും. അതിനിടയിലാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ സ്വദേശിയുടെ മരണവും. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കടലില്‍ കളിക്കാനും കുളിക്കാനും ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യുവാക്കള്‍ക്ക് ഒരു കുറവുമില്ല എന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നു. സ്‌കൂള്‍ വിട്ടാല്‍ ബൈക്കുകളിലും കാറുകളിലുമായി വിദ്യാര്‍ത്ഥികള്‍ നേരെ വരുന്നത് കടപ്പുറത്തേക്കാണ്. അതും യൂണിഫോമില്‍ തന്നെ. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെയുള്ള കടലില്‍ ഇറങ്ങിയുള്ള ‘കുളി’പലപ്പോഴും നാട്ടുകാരാണ് ഇടപെട്ട് പിന്തിരിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ കുടുംബസമേതം എത്തുന്ന കുട്ടികള്‍ വരെ കടലിറങ്ങി കുളിക്കുകയും കളിക്കുകയും ചെയ്യുന്നു. കടല്‍ തിരമാലകള്‍ക്കിടയില്‍ വലിയ ചതിക്കുഴികള്‍ ഉള്ള കാര്യം ഇവരൊന്നും അറിയുന്നുമില്ല. അതേപോലെ തന്നെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികളും കടലില്‍ ഇറങ്ങി കുളിക്കുന്നത്. ഇവരില്‍ പലര്‍ക്കും നീന്താന്‍ പോലും അറിയില്ല.
വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും സൂര്യാസ്തമനം കാണാനും തീരത്തെ സൗന്ദര്യം ആസ്വദിക്കാനും കുടുംബസമേതവും അല്ലാതെയും നിരവധി ആളുകള്‍ തീരത്തെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം കുട്ടികളുമുണ്ടാകും. കടപ്പുറത്ത് വൈകുന്നേരങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തുന്ന യുവാക്കളും ഏറെയാണ്.
കടലില്‍ ഇറങ്ങിയുള്ള ‘കുളിയും കളിയും’തടയാന്‍ തീരദേശ പൊലീസ് നിരീക്ഷണം വേണമെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.







