കാലാവസ്ഥാ വ്യതിയാനം: മലയോരമേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു

കാസര്‍കോട്: കാലവര്‍ഷത്തോടൊപ്പം പകര്‍ച്ച വ്യാധികളും തലപൊക്കുമ്പോള്‍ ജില്ലയിലെ മലയോര മേഖലകളില്‍ ആരോഗ്യ സംരക്ഷണ രംഗം താളം തെറ്റുന്നതായി ആക്ഷേപമുയരുന്നു.
ബള്ളൂര്‍, കാറഡുക്ക, ദേലമ്പാടി, കുംബഡാജെ പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ്. എന്നാല്‍ അതില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല. ഉള്ളവര്‍ നേരത്തെ രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയുണ്ടായിരുന്ന സേവന സമയം 10 മണി മുതല്‍ മൂന്നുമണിവരെയായി കുറച്ചുവെന്നു നാട്ടുകാര്‍ പറയുന്നു. ആവശ്യത്തിനു നഴ്‌സുമാരുമില്ലെന്നും പരാതിയുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു പനി ബാധിതരുടെ എണ്ണം നാട്ടുമ്പുറങ്ങളില്‍ ഗണ്യമായി വര്‍ധിച്ചു. പലേടത്തും ശരാശരി 300 രോഗികള്‍ ദിവസവും ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്നു പറയുന്നു.

താല്‍ക്കാലിക ഡോക്ടര്‍മാരാണ് മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ നടത്തുന്നത്. രണ്ടു താല്‍ക്കാലിക ഡോക്ടര്‍മാര്‍ മാത്രമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അവര്‍ പരസ്പരം ഷിഫ്ട് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു. അത്തരം സാഹചര്യങ്ങളില്‍ 9മണി മുതല്‍ ഒരു മണിവരെ ഒരാളും ഒരു മണി മുതല്‍ അഞ്ചുമണിവരെ മറ്റൊരാളുമായിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് ഉപകാര പ്രദമാവുമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ രണ്ടു മണിക്ക് ആശുപത്രി പ്രവര്‍ത്തനം നിലക്കുന്നു. അസുഖം മൂര്‍ച്ഛിച്ചു വൈകുന്നേരങ്ങളില്‍ എത്തുന്ന രോഗികള്‍ക്കു സ്വകാര്യാശുപത്രികളെ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണ്. ഡോക്ടര്‍മാര്‍ക്കു പിന്നാലെ സ്ഥിരം നഴ്‌സുമാരും വീട്ടിലേക്കു മടങ്ങുന്നതായി ആക്ഷേപമുണ്ട്. പനിക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ച വ്യാധികളും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരെയും ജിവനക്കാരെയും ഉറപ്പാക്കണമെന്ന് ആവശ്യമുയരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page