മുണ്ടക്കൈ- ചൂരല്‍മല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം; 5 മാസത്തിനുശേഷം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: മുണ്ടക്കൈ- ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുരന്തമുണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിലേക്കു പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്. ഇതോടെ സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. എന്നാൽ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതിൽ ഇപ്പോഴും അവ്യക്തത ഉണ്ട്.
ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് മുതല്‍ തന്നെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തഭൂമി സന്ദർശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിനോ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം ആവശ്യപ്പെടാൻ സംസ്ഥാനത്തിനു സാധിക്കും. എന്നാൽ കൂടുതൽ തുക അനുവദിക്കുന്നതിനെക്കുറിച്ച് കത്തിൽ വ്യക്തമായി പറയുന്നില്ല. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി പിന്നീട് കേരളത്തിന്റെ ആവശ്യം. ദുരന്തത്തിൽ 298 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. 128 പേരെ കാണാതായതിൽനിന്ന് 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page