കരാറുകാരനെ ചായ കുടിക്കാന്‍ വിളിച്ച് ഹണിട്രാപ്പില്‍ കുടുക്കി; യുവതി ഒളിവില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ബംഗ്ളൂരു: പ്രമുഖ കരാറുകാരനെ വീട്ടിലേക്ക് ചായ കുടിക്കാന്‍ വിളിച്ചുവരുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. തുംഗനഗറിലെ സന്തോഷ് (28), അജയ് (25), ജയരാജ് (20)
എന്നിവരാണ് അറസ്റ്റിലായത്. നയന എന്ന പേരുള്ള യുവതി ഉള്‍പ്പെടെ നാലുപേര്‍ ഒളിവില്‍ പോയി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. വിനായക ലേഔട്ടില്‍ താമസക്കാരനായ രംഗനാഥി (57)നെയാണ് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയത്.
കരാറുകാരനായ രംഗനാഥ് ഏഴുമാസം മുമ്പാണ് ശിവ എന്ന സുഹൃത്ത് മുഖേന നയനയെ പരിചയപ്പെട്ടത്. പിന്നീട് ഒരു തവണ നയന കരാറുകാരനെ ഫോണില്‍ വിളിച്ചു കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ എത്തിക്കാമോ എന്നും ചോദിച്ചു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ച രംഗനാഥ 4000 രൂപ നല്‍കിയാണ് തിരികെ പോയത്. അതിനുശേഷം നയന എല്ലാ ദിവസവും രംഗനാഥനെ ഫോണില്‍ വിളിച്ചു വീട്ടിലേക്ക് വരൂ എന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായി പറയുന്നു. എന്നാല്‍ പോയിരുന്നില്ല. ഒരു ദിവസം രംഗനാഥ് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ എത്തിയ നയന ‘സാറേ’എന്ന് വിളിച്ചു. വീട് അടുത്ത് തന്നെയാണെന്നും ചായ കുടിച്ചു പോകാം എന്നും പറഞ്ഞു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് യൂണിഫോമിലെത്തിയ മൂന്നുപേര്‍ അവിഹിതം നടത്തുകയാണോ എന്ന് പറഞ്ഞ് രംഗനാഥിനെ ആക്രമിച്ചു. വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം മൊബൈലില്‍ ഫോട്ടോ എടുത്തു. രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്നും ഭാര്യക്കും മക്കള്‍ക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന് രംഗനാഥ പോക്കറ്റില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണ്ണ ചെയിനും മോതിരങ്ങളും നല്‍കി. പിന്നീടാണ് തന്നെ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് രംഗനാഥന് തോന്നിയതും പൊലീസില്‍ പരാതി നല്‍കിയതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page