വിദ്യാർത്ഥികളുടെ മുങ്ങിമരണം നാടിനെ കണ്ണീരിലാഴ്ത്തി; നടുക്കം മാറാതെ എരിഞ്ഞിപ്പുഴ

കാസർകോട്: മൂന്നു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മഞ്ചേശ്വരം, ഉദ്യാവാർ ഫസ്റ്റ് സിഗ്നലിലെ സിദ്ദിഖിന്റെയും റംലയുടെയും മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ മുഹമ്മദ് റിയാസ് (17), എരിഞ്ഞിപ്പുഴ, വട്ടംതട്ടയിലെ മജീദിന്റെയും സഫീനയുടെയും മകൻ അബ്ദുൽ സമദ് (13), അഷ്റഫിന്റെയും സബീനയുടെയും മകൻ മുഹമ്മദ് യാസിൻ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ബന്ധുക്കളായ മൂന്നുപേരും എരിഞ്ഞിപ്പുഴ പാലത്തിനു സമീപം പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് കുറ്റിക്കോലിൽ നിന്നും എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് അപകടത്തിൽപ്പെട്ട മൂന്നുപേരെയും പുറത്തെടുത്തത്. ആദൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റിസ്വാന, മുഹമ്മദ് എന്നിവർ റിയാസിന്റെ സഹോദരങ്ങളാണ്. മുഹമ്മദ് ഷാമിൽ അബ്ദുൽ സമദിന്റെസഹോദരനാണ്. ഫാത്തിമത്ത് സഫ, അബ്ദുൽ അമീൻ എന്നിവർ മുഹമ്മദ് യാസറിന്റെ സഹോദരങ്ങളാണ്. അപകടവിവരമറിഞ്ഞ് നൂറു കണക്കിനു പേർ എരിഞ്ഞിപ്പുഴയിലും ജനറൽ ആശുപത്രിയിലും എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page