കൊച്ചി: ഏറെ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ കാസര്‍കോട്, പെരിയ കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവും മുന്‍ ഉദുമ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന് ഉള്‍പ്പെടെ 14 പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി. ഒന്നാം പ്രതിയും സിപിഎം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്, രണ്ടാം പ്രതി സജി സി ജോര്‍ജ്ജ് എന്ന സജി മൂന്നാം പ്രതി കെ.എം സുരേഷ്, നാലാം പ്രതി കെ അനില്‍ കുമാര്‍ എന്ന അബു, അഞ്ചാം പ്രതി ജിജിന്, ആറാം പ്രതി ശ്രീരാഗ് എന്ന കുട്ടു, ഏഴാം പ്രതി എ അശ്വിന് എന്ന അപ്പു, എട്ടാം പ്രതി സുബീഷ് എന്ന മണി, പത്താം പ്രതി ടി. രഞ്ജിത്ത് എന്ന അപ്പു, 14-ാം പ്രതി കെ. മണികണ്ഠന്, 15-ാം പ്രതി എ സുരേന്ദ്രന് എന്ന വിഷ്ണു സുര, 20-ാം പ്രതി കെ.വി കുഞ്ഞിരാമന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി ഭാസ്കരന് എന്നിവരെയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതല്‍ 24 വരെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്. ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
