ഇരട്ടക്കൊലക്കേസ് വിധി കേള്‍ക്കാന്‍ കാത്ത് നാടും കുടുംബവും; കല്യോട്ട് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി, പട്രോളിംഗും പൊലീസ് കാവലും ശക്തമാക്കി

കാസര്‍കോട്: കേരള രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിനാണ് സുരക്ഷാ ചുമതല. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പട്രോളിംഗ് ആരംഭിച്ചു. പെരിയ കല്യോട്ട്, ഏച്ചിലടുക്കം ഭാഗങ്ങളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെ പട്രോളിംഗ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ വാഹന പരിശോധനയും കര്‍ശനമാക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ മുന്നോടിയായി കല്യോട്ട് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.
എറണാകുളം സി ബി ഐ കോടതി ശനിയാഴ്ചയാണ് വിധി പ്രസ്താവിക്കുക.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. തന്നിത്തോട് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കു തടഞ്ഞു നിര്‍ത്തി ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നാണ് പൊലീസ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷണം സി ബി ഐയ്ക്കു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 14 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പീതാംബരന്‍ ആണ് കേസിലെ ഒന്നാം പ്രതി. സി ബി ഐ അന്വേഷണത്തില്‍ സി പി എം നേതാക്കളായ കെ വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി പ്രതി ചേര്‍ത്തു. പീതാംബരന്‍ അടക്കമുള്ള 11 പ്രതികള്‍ ഇരട്ട കൊലപാതക കേസില്‍ അറസ്റ്റിലായതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page