കാനത്തൂരില്‍ പുലിപ്പട; ബേപ്പില്‍ നായയെ പിടിച്ചു, പേരടുക്കത്തു പുലിയെ കണ്ട് ഭയന്ന് വീട്ടമ്മ, ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ശബ്ദസന്ദേശം


കാസര്‍കോട്: കടുത്ത പുലി ഭീഷണി നിലനില്‍ക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ മൂന്നിടങ്ങളില്‍ കൂടി പുലിയിറങ്ങി. കാനത്തൂര്‍, പയോലത്തെ തെയ്യം കലാകാരന്‍ കൃഷ്ണന്‍ കലൈപ്പാടിയുടെ വീട്ടു പരിസരത്ത് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു പുലികളാണ് എത്തിയത്. കൃഷ്ണന്റെ മകന്‍ സുനില്‍ കുമാര്‍ തെയ്യം കഴിഞ്ഞ് എത്തിയപ്പോഴാണ് വീട്ടുപരിസരത്ത് അഞ്ചു പുലികള്‍ നില്‍ക്കുന്നത് കണ്ടത്.
സുനില്‍, വീട്ടനകത്തു ഉറങ്ങി കിടന്നിരുന്ന സഹോദരന്‍ അരുണാക്ഷനെ വിളിച്ചുണര്‍ത്തി വീടിന്റെ ടെറസില്‍ കയറി ടോര്‍ച്ചടിച്ചപ്പോള്‍ പുലികള്‍ പതുക്കെ നടന്ന് വനത്തിനുള്ളിലേക്കു മടങ്ങുകയായിരുന്നു.
സാധാരണ ഗതിയില്‍ വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കാറുണ്ടെന്നും ബുധനാഴ്ച രാത്രി പേടിച്ചരണ്ട്, ചുരുണ്ടു കൂടി കിടക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പശുക്കളും ആടുകളും ഉള്ള വീടാണ് കൃഷ്ണന്‍ കലൈപ്പാടിയുടേത്. ഇവയില്‍ ഏതെങ്കിലും വളര്‍ത്തു മൃഗത്തെ ലക്ഷ്യമിട്ടായിരിക്കണം പുലികള്‍ കൂട്ടത്തോടെ എത്തിയതെന്നു സംശയിക്കുന്നു. പുലിക്കൂട്ടമെത്തിയ വിവരം വീട്ടുകാര്‍ അപ്പോള്‍ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ജനാര്‍ദ്ദനനെ അറിയിച്ചു. അദ്ദേഹം വനം വകുപ്പ് അധികൃതര്‍ക്ക് വിവരം കൈമാറി. എന്നാല്‍ വ്യാഴാഴ്ച രാവിലെ 8.30 മണി വരെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടില്ല.
മുളിയാര്‍ പഞ്ചായത്തിലെ കൊടവഞ്ചി- അടുക്ക റോഡില്‍ പരേതനായ രാജന്‍ ബേപ്പിന്റെ വീടിനു സമീപത്തു കൂടി നായയെ കടിച്ചെടുത്തുകൊണ്ടു പുലി ഓടി പോവുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നവരാണ് ഇതു കണ്ടത്. ഉടന്‍ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. ഉദ്യോഗസ്ഥരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഇരിയണ്ണി, പേരടുക്കം, വണ്ണാര്‍ത്തുമൂലയിലും കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം ഉണ്ടായി. ഒരു വീട്ടമ്മയാണ് പുലിയെ കണ്ടത്.
അതേ സമയം ഇരിയണ്ണി ഓലത്തുകയയിലും കര്‍മ്മന്തൊടിയിലും പുലിയെ പിടികൂടാന്‍ കൂടു വച്ചിട്ടുണ്ട്. എന്നാല്‍ പുലി കൂടുകള്‍ക്ക് സമീപത്ത് പോലും എത്താത്തത് ചര്‍ച്ചയായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page