കല്യോട്ട് ഇരട്ടക്കൊലക്കേസ് വിധി ശനിയാഴ്ച; കനത്ത സുരക്ഷ ഒരുക്കി പൊലീസ്, പുല്ലൂര്‍- പെരിയ പഞ്ചായത്തില്‍ കനത്ത നിരീക്ഷണം, നിരോധനാജ്ഞയ്ക്കും ആലോചന


കാസര്‍കോട്: കേരള രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി എറണാകുളം സി ബി ഐ കോടതി ഡിസംബര്‍ 28ന് പ്രസ്താവിക്കും. പ്രസ്താവന കണക്കിലെടുത്ത് ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ മേല്‍നോട്ടത്തിലായിരിക്കും പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച്ച ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. പുല്ലൂര്‍- പെരിയ പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് മുന്‍തൂക്കം ഉണ്ടാവുകയെന്നാണ് സൂചന. പെരിയ, കല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ പ്രദേശങ്ങള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താനുള്ള ആലോചനയും സജീവമാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. തന്നിത്തോട്ട് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കു തടഞ്ഞു നിര്‍ത്തി ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നാണ് പൊലീസ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷണം സി ബി ഐയ്ക്കു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 14 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പീതാംബരന്‍ ആണ് കേസിലെ ഒന്നാം പ്രതി. സി ബി ഐ അന്വേഷണത്തില്‍ സി പി എം നേതാക്കളായ കെ വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി പ്രതി ചേര്‍ത്തു. പീതാംബരന്‍ അടക്കമുള്ള 11 പ്രതികള്‍ ഇരട്ട കാലപാതക കേസില്‍ അറസ്റ്റിലായതിനു ശേഷം ജുഡീഷ്യല്‍ കകസ്റ്റഡിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page