അസുഖ ബാധിതയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിനിടെ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് ഭാര്യ കുഴഞ്ഞുവീണുമരിച്ചു

ജയ്പൂര്‍: രോഗിയായ ഭാര്യയെ കൂടെനിന്ന് പരിചരിക്കാനായി ഭര്‍ത്തവ് വിആര്‍എസ് എടുത്തു. യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണുമരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേയര്‍ഹൗസ് മാനേജര്‍ ആയി ജോലിചെയ്തിരുന്ന ദേവന്ദ്ര സുന്ദലിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. ദീപിക കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവര്‍ ചികിത്സയിലായിരുന്നു. രോഗം കലശലായതോടെയാണ് ഭാര്യയെ സഹായിക്കാന്‍ ദേവേന്ദ്ര സ്വമേധയാ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യ ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതം നല്‍കി.
വിരമിക്കല്‍ ദിവസം ദേവേന്ദ്രയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ചടങ്ങിലേക്ക് ദീപികയെയും ക്ഷണിച്ചിരുന്നു. ദേവേന്ദ്രയുടെ ഓഫീസിലെ ജീവനക്കാരുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നതിനാല്‍ അസുഖത്തെ വകവയ്ക്കാതെ ദീപികയും ചടങ്ങിന് എത്തി. ചടങ്ങ് ആരംഭിച്ച് ഏതാനും മിനുട്ട് കഴിഞ്ഞപ്പോള്‍ സന്തോഷം ദുഃഖത്തിന് വഴിമാറി. അരികിലുണ്ടായിരുന്ന ഭാര്യ കുഴഞ്ഞുവീണു. അവശയായി കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ചെങ്കിലും നിലതെറ്റി താഴേ വീഴുകയായിരുന്നു. ദേവന്ദ്ര പുറം തടവിക്കൊടുക്കെ ദീപിക അദ്ദേഹത്തെ നോക്കി ഒന്നുപുഞ്ചിരിച്ചു. അപ്പോഴേക്കും അബോധാവസ്ഥയിലായി. ഉടന്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിരമിക്കല്‍ ചടങ്ങില്‍ ദമ്പതികള്‍ക്ക് ജീവനക്കാര്‍ പൂച്ചെണ്ടുകള്‍ സമ്മാനിക്കുന്നതും മാലയിടുന്നതും അവര്‍ക്കെല്ലാം ചിരിച്ചുകൊണ്ട് ദീപിക നന്ദിപറയുന്നതും വൈറലായ വീഡിയോയില്‍ കാണാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page