കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ നല്‍കണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ നല്‍കിയ അപേക്ഷയാണ് ഹൊസ്ദുര്‍ഗ് കോടതി തള്ളിയത്. ഒന്നാം പ്രതി ഉബൈസ്, രണ്ടാംപ്രതി ഉദുമ, മാങ്ങാട്, കൂളിക്കുന്നില്‍ താമസക്കാരിയായ ജിന്നുമ്മ എന്ന ഷമീമ, പൂച്ചക്കാട്ടെ അസ്‌നീഫ, മധൂരിലെ ആയിഷ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിരുന്നത്. കോളിളക്കം സൃഷ്ടിച്ച കൊലക്കേസില്‍ ഡിസംബര്‍ മൂന്നിനാണ് നാലു പ്രതികളെയും അറസ്റ്റു ചെയ്തത്.
അതേ സമയം കൊല്ലപ്പെട്ട ഗഫൂര്‍ ഹാജിയുടെ ഭാര്യ കേസില്‍ കക്ഷി ചേര്‍ന്നു. ഇവര്‍ക്കായി കോഴിക്കോട്ടെ മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് സഹീര്‍ കോടതിയില്‍ ഹാജരായി.
ഹാജിയുടെ വീട്ടില്‍ നിന്നു നഷ്ടമായ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ 100ല്‍ പരം പവന്‍ സ്വര്‍ണ്ണം മാത്രമേ ഇതുവരെ കണ്ടെടുക്കാനായിട്ടുള്ളു. ബാക്കി സ്വര്‍ണ്ണം കൂടി കണ്ടെടുക്കണമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വിടണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ കസ്റ്റഡി അപേക്ഷ തള്ളിയതോടെ തെളിവെടുപ്പ് സംബന്ധിച്ച് വ്യക്തത ഇല്ലാതെയായി. അതേ സമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതി ജനുവരി നാലിലേക്ക് മാറ്റി വച്ചു. 2023 ഏപ്രില്‍ 14നു പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത്.







