അയ്യപ്പഭജനമന്ദിര വാര്‍ഷികാഘോഷം: കലാപരിപാടികളുടെ വീഡിയോ എടുത്തതിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കസേര കൊണ്ട് ആക്രമിച്ചു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: അയ്യപ്പഭജന മന്ദിരത്തിലെ ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളുടെ വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി യുവാവിനെ കസേര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. പുല്ലൂര്‍ പെരിയ, ചാലിങ്കാലിലെ മണി (30)യെ ആണ് അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഡിസംബര്‍ 22ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്, ഗുരുവനത്തെ മുഹമ്മദ് ഇജാസ് (20)ആണ് അക്രമത്തിനു ഇരയായത്. ചാലിങ്കാല്‍ അയ്യപ്പ ഭദനമന്ദിരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പരാതിക്കാരന്‍. മുഹമ്മദ് ഇജാസ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭക്ഷണശാലയില്‍ എത്തിയ മണി ഫൈബര്‍ കസേര കൊണ്ട് നെറ്റിക്കും തലയ്ക്കും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. തലേദിവസം ഭജനമന്ദിര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ എടുത്തതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page