പങ്കാളികളെ പങ്കുവയ്ക്കല്‍; യുവതിയുടെ പരാതിയില്‍ ബംഗ്‌ളൂരുവില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ബംഗ്‌ളൂരു: കാമുകന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഹരീഷ്, ഹേമന്ദ് എന്നീ യുവാക്കളെ ബംഗ്‌ളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പങ്കാളികളെ പങ്കുവെയ്ക്കുന്ന സംഘാംഗങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരം പൊലീസ് കണ്ടെത്തി. ഹരീഷും ഹേമന്ദും ബംഗ്‌ളൂരുവില്‍ സ്വകാര്യ കമ്പനി ജീവനക്കാരാണ്. 32കാരിയായ യുവതിയുടെ പരാതിയിലാണ് ഇവര്‍ ഇരുവരും അറസ്റ്റിലായത്.
ഏതാനും വര്‍ഷം മുമ്പു യുവതി ഹരീഷുമായി പരിചയപ്പെടുകയും പിന്നീടത് പ്രലോഭനങ്ങളിലെത്തുകയും യുവതി ഹരീഷുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഒരുമിച്ചു പല പരിപാടികളിലും പങ്കെടുത്തു. ആ സമയങ്ങളില്‍ താനറിയാതെ ഹരീഷ് തന്റെ സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ തന്റെ സുഹൃത്തായ ഹേമന്ദുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നു ഹരീഷ് യുവതിയോടാവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോള്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഹരീഷ് ഭീഷണിപ്പെടുത്തുകയാണെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഹേമന്ദുമൊത്തു ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പകരം ഹേമന്ദിന്റെ കാമുകിയുമായി ലൈംഗിക വേഴ്ച നടത്താന്‍ തനിക്ക് അവസരമുണ്ടാകുമെന്നു ഹേമന്ദ് ഉറപ്പു തന്നിട്ടുണ്ടെന്നും ഹരീഷ് യുവതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹരീഷും ഹേമന്ദും ബിരുദധാരികളാണെന്നു കണ്ടെത്തിയിട്ടുണ്ട്. യുവതികളുമായി പ്രണയം നടിച്ചു വലയിലാക്കിയ ശേഷം അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ തന്ത്രപൂര്‍വ്വം റിക്കാര്‍ഡ് ചെയ്തു ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ഇവരുടെ പതിവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ മറ്റു യുവതികളുടെ സ്വകാര്യ വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണം തുടരുകയാണ്. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page