കാസര്‍കോട്: ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്, പടന്നക്കാട് വച്ച് എന്‍ ഐ എ സംഘത്തിന്റെ പിടിയിലായ ഷാബ്‌ഷേഖി (32)നെ ഉച്ചകഴിഞ്ഞ് ആസാമിലേയ്ക്ക് കൊണ്ടുപോകും. കാഞ്ഞങ്ങാട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം വിവിധ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ രാത്രിയോടെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ എത്തിച്ച് ആസാമിലേയ്ക്ക് കൊണ്ടുപോകും. ആസാമില്‍ രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസിലാണ് ഷാബ്‌ഷേഖിനെ ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ എന്‍ ഐ എയും ആസാം പൊലീസും അറസ്റ്റു ചെയ്തത്.
അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാബ്‌ഷേഖ് ബംഗ്ലാദേശ് പൗരനാണ.് മൂന്നു സഹോദരങ്ങളും മാതാവും ഇപ്പോഴും അവിടത്തന്നെയാണ് താമസിക്കുന്നത്. പിതാവ് പശ്ചിമ ബംഗാളിലാണ് താമസം. എന്നാല്‍ പിടിയിലായ യുവാവിന്റെ കൈവശം ഉള്ള രേഖകള്‍ പ്രകാരം ഇന്ത്യന്‍ പൗരനാണ്. ഈ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിശദമായ ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
നാലു വര്‍ഷം മുമ്പു തന്നെ ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇതിനിടയില്‍ പലതവണ ആസാമിലേയ്ക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പടന്നക്കാട് എത്തിയത് ഒരാഴ്ച മുമ്പാണ്. തേപ്പു ജോലിക്കാരനാണെന്ന് പറഞ്ഞാണ് ഇവിടെ താമസം ആരംഭിച്ചത്. ആദ്യത്തെ മൂന്നു ദിവസം ജോലിക്കു പോയെങ്കിലും പിന്നീട് പോയില്ല. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഷാബ്‌ഷേഖിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം.
