കാസര്‍കോട്: ഇടുക്കി ജില്ലയില്‍ നിന്നു ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും 18കാരനായ കാമുകനും കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. ഇടുക്കി ജില്ലയിലെ ശാന്തംപാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18കാരനും ദേവികുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയുമാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട്, തിരുപ്പൂര്‍ സ്വദേശിയെ ചോദ്യം ചെയ്യലിനു ശേഷം പറഞ്ഞുവിട്ടു.
സംഭവത്തെ കുറിച്ച് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ-”മൂന്നു ദിവസം മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ഇടുക്കിയില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് ശാന്തംപാറ, ദേവികുളം പൊലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് ഇരുവരെയും കൂടെ ഉണ്ടായിരുന്ന തിരുപ്പൂര്‍ സ്വദേശിയായ ഒരാളെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്നതിന്റെ പേരില്‍ ടിടിആര്‍ കാഞ്ഞങ്ങാട്ട് ഇറക്കി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കൈയില്‍ കാശ് ഇല്ലാത്തതു കൊണ്ടാണ് ടിക്കറ്റ് എടുക്കാതിരുന്നതെന്നും കൂടെയുള്ള ആള്‍ക്കൊപ്പം തിരുപ്പൂരിലേക്ക് ജോലിക്കു പോവുകയാണെന്നും കമിതാക്കള്‍ പറഞ്ഞു. സംശയം തോന്നി മൂന്നു പേരെയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോട്ടത്തിന്റെയും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും വിശദവിവരങ്ങള്‍ പുറത്തായത്. നാട്ടില്‍ നിന്നു ഒളിച്ചോടിയ ശേഷം ട്രെയിന്‍ കയറി മംഗ്‌ളൂരുവിലെത്തി. രണ്ടു ദിവസം നഗരത്തില്‍ കറങ്ങി നടന്നതോടെ കൈയില്‍ ഉണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. മൂന്നാം നാള്‍ പച്ചവെള്ളം വാങ്ങി കുടിക്കുന്നതിനു പോലും കാശില്ലാതെ വലഞ്ഞു. ഇതിനിടയിലാണ് തിരുപ്പൂര്‍ സ്വദേശിയെ പരിചയപ്പെട്ടത്. കദനകഥ കേട്ടപ്പോള്‍ ഇയാള്‍ രണ്ടു പേരെയും ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി ഭക്ഷണം വാങ്ങിച്ചു നല്‍കി. തിരുപ്പൂരിലേക്ക് വന്നാല്‍ ജോലി തരപ്പെടുത്താമെന്നു വാക്കു നല്‍കിയതോടെയാണ് കള്ളവണ്ടി കയറിയത്. പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല”-ഇരുവരും പൊലീസിനു മൊഴി നല്‍കി. മറ്റൊരു തരത്തിലും ഉപദ്രവം ചെയ്യാത്തതിനാല്‍ തിരുപ്പൂര്‍ സ്വദേശിയെ വിട്ടയച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെയും കാമുകന്റെയും വീട്ടുകാര്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്.







