സംസ്ഥാനത്തെ ഏറ്റവും വലിയ ഗേറ്റ് വേ റിസോര്‍ട്ട് ബേക്കലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സംസ്ഥാനത്തെഏറ്റവും വലിയ ഗേറ്റ് വേ റിസോര്‍ട്ട് ബേക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വിനോദ സഞ്ചാര മേഖല കോവിഡ് പ്രതിസന്ധി മറികടന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ റിവോള്‍വിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്ബോട്ട് സര്‍വ്വീസ് സ്‌കീം എന്നിങ്ങനെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. അവയെല്ലാം ഫലം കണ്ടു എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ 2024ന്റെ ആദ്യ ആറ് മാസങ്ങളില്‍ തന്നെ ഒന്നര കോടിയോളം വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍, ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബേക്കല്‍ കോട്ടയുടെ സമീപത്ത് 30 ഏക്കറിലാണ് ഗേറ്റ്വേ ബേക്കല്‍ റിസോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎല്‍) ആണ് റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. 151 മുറികളുള്ള പഞ്ച നക്ഷത്ര റിസോര്‍ട്ടാണ് ഗേറ്റ് വേ ബേക്കല്‍. ഗസ്റ്റ് റൂമുകള്‍ക്കു പുറമെ കോട്ടേജുകളും സ്യൂട്ടുകളും വില്ലകളുമുണ്ട്. ഉദുമ പഞ്ചായത്തില്‍ ബേക്കല്‍ പുഴക്കരയിലെ ഉപദ്വീപില്‍ ബേക്കല്‍ റിസോര്‍ട്സ് വികസന കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി) ഏറ്റെടുത്തു നല്‍കിയ ഭൂമിയിലാണ് പദ്ധതി. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്ന റിസോര്‍ട്ടിലൂടെ അഞ്ഞൂറോളം പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page