ഭൂവനേശ്വര്‍: പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയുടെ മൃതദേഹം കഷണങ്ങളായി റോഡില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പോക്‌സോ കേസില്‍ ജ്യാമത്തിലറങ്ങിയ പ്രതി പിടിയിലായി. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് അരുംകൊല നടന്നത്. കുനു കിസാന്‍ എന്ന 28കാരനാണ് പിടിയിലായത്. 18 കാരിയായ ഇരയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായതിന് ശേഷം ഡിസംബര്‍ 4 നാണ് കുനു കിസാന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഡിസംബര്‍ 7 നാണ് ഇരയെ യുവാവ് കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ പ്രത്യേകം ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു. ബാലുഘട്ടിലെ ബ്രാഹ്‌മണി നദി, ഗാഡിയതോല, സമീപത്തെ ജലാശയങ്ങള്‍ തുടങ്ങി 20 കിലോ മീറ്റര്‍ പരിധിയിലുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ട്ടങ്ങള്‍ കണ്ടെടുത്തത്. മൊഴി മാറ്റിപ്പറയാന്‍ പ്രതി ഇരയായ പെണ്‍കുട്ടിയെ നിരന്തരം നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് കൊലയ്ക്ക് കാരണായതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതിയുടെ ഭയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പ്രതിയും ഇരയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







