അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസ്: കാസര്‍കോട്ടെ ജ്വല്ലറിയില്‍ വീണ്ടും പരിശോധന, അസ്‌നീഫയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ 22 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയെ കൊലപ്പെടുത്തി തട്ടിയെടുത്ത 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ നിന്നു 22 പവന്‍ കൂടി പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതിയായ പള്ളിക്കര, കീക്കാന്‍, മുക്കൂട് ജീലാനി നഗറിലെ അസ്‌നിഫ (36)യെയും കൂട്ടി കാസര്‍കോട്, ചന്ദ്രഗിരി റോഡ് ജംഗ്ഷനു സമീപത്തെ എമിറേറ്റ്‌സ് ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. വനിതാ പൊലീസാണ് അസ്‌നിഫയെയും കൂട്ടി ജ്വല്ലറിയില്‍ പരിശോധനക്ക് എത്തിയത്.
അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസില്‍ അറസ്റ്റിലായ ഉദുമ, മീത്തല്‍ മാങ്ങാട് കൂളിക്കുന്നിലെ മന്ത്രവാദി കെ.എച്ച് ഷമീന (38), ഭര്‍ത്താവ് ടി.എം ഉബൈസ് എന്ന ഉവൈസ് (46), മധൂര്‍ കൊല്യയിലെ ആയിഷ (42) എന്നിവരെ കഴിഞ്ഞ ദിവസമാണ് ഹൊസ്ദുര്‍ഗ് കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ഇവരില്‍ അസ്‌നിഫയെ മാത്രമാണ് ചൊവ്വാഴ്ച ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കും. 2023 ഏപ്രില്‍ 14നാണ് അബ്ദുല്‍ ഗഫൂറിനെ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. കാസര്‍കോട് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page