പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോൺ ഉപയോഗിച്ച് ഉത്തരമെഴുതി; പൈവളിഗെ സ്വദേശി അറസ്റ്റില്‍

കാസർകോട് : പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരമെഴുതിയ പൈവളിഗെ സ്വദേശി അറസ്റ്റില്‍. മഞ്ചേശ്വരം, പൈവളിഗെ, കുരുടപ്പദവിലെ സദന്‍ഗയ ഹൗസില്‍ എസ് ജനാര്‍ദ്ദന (36)യെ ആണ് കൂത്തുപറമ്പ് എ .സി . പി സിബി ടോമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കെ എസ് ഇ ബി വൊര്‍ക്കാടി സെക്ഷനില്‍ താല്‍ക്കാലിക ജീവനക്കാരനാണ് ജനാര്‍ദ്ദന. ജൂലായ് ഒന്നിന് മട്ടന്നൂര്‍ പോളി ടെക്‌നിക്കില്‍ നടന്ന കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനിലാണ് (കെ ജി സി ഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരമെഴുതിയത്. താല്‍ക്കാലിക ജീവനക്കാരനായ ജനാര്‍ദ്ദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണം. അതിനാലാണ് പരീക്ഷാ ഹാളില്‍ തട്ടിപ്പ് നടത്തിയത്. പരീക്ഷയ്ക്കു മുന്നോടിയായി കണ്ണൂര്‍ മോഡേണ്‍ ഐ ടി ഐ യില്‍ പരീക്ഷയ്ക്കുവേണ്ടിയുള്ള ക്ലാസില്‍ ജനാര്‍ദ്ദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ നല്‍കിയതെന്നു വ്യക്തമായിട്ടുണ്ട്. ജനാര്‍ദ്ദന അറസ്റ്റിലായ വിവരമറിഞ്ഞ് സുരേഷ് ബാബു ഒളിവില്‍ പോയി.
ഇയാൾ അഡ്മിനായിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്കു നല്‍കിയത്. ജനാര്‍ദ്ദനയെ കൂടാതെ മറ്റു 21 പേര്‍ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവര്‍ക്കും ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നു സംശയിക്കുന്നു. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. പൊലീസ് സംഘത്തില്‍ എ സി പി ഓഫീസിലെ കെ സുനില്‍ കുമാര്‍, വി വിനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി ജോഷിത്ത്, സ്‌ക്വാഡ് അംഗങ്ങളായ സുധീഷ്, ദീപേഷ്, ബിജേഷ്, പ്രജീഷ്, ഷമീര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പരീക്ഷാ സെന്ററിലെ സൂപ്പര്‍ വൈസര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page