പൂച്ചക്കാട് ഗഫൂര്‍ ഹാജി വധം; പ്രതികളെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പൂച്ചക്കാട് ഗഫൂര്‍ ഹാജി വധക്കേസില്‍ റിമാന്റിലുള്ള പ്രതികളെ കോടതി മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച്. ഷമീനു (38), ഭര്‍ത്താവ് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശി ടി.എം.ഉബൈസ് (32), സഹായികളായ പള്ളിക്കര കീക്കാന്‍ മുക്കൂട് ജീലാനി നഗറിലെ അസ്‌നിഫ(36), മധൂര്‍ കൊല്ല്യ ഹൗസില്‍ ആയിഷ (43) എന്നിവരെ
ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ. ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. കോടതി നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം പ്രതികളെ തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം സി അബ്ദുല്‍ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് വീട്ടില്‍ നിന്ന് 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തില്‍ സംശയമുയര്‍ന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ ഗഫൂര്‍. 596 പവനോളം സ്വര്‍ണം ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്യും. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page