പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തില്‍; കുമ്പളയില്‍ 30 സെന്റ് പോസ്റ്റ് ഓഫീസ് സ്ഥലത്ത് മാലിന്യ നിക്ഷേപം

കുമ്പള: കുമ്പള ടൗണ്‍ ഹൃദയഭാഗത്തെ 30 സെന്റ് സ്ഥലം മാലിന്യ നിക്ഷേപത്തിനു പോസ്റ്റല്‍ അധികൃതര്‍ മാറ്റിവച്ചു; പോസ്റ്റ് ഓഫീസിനു വാടക കെട്ടിടത്തെ അഭയം പ്രാപിച്ചു.
വാടകയിനത്തില്‍ വന്‍തുകയാണ് വര്‍ഷംതോറും പോസ്റ്റല്‍ വകുപ്പ് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ചെലവഴിച്ചു കൊണ്ടിരിക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ മാലിന്യ നിക്ഷേപകര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന നിര്‍ദ്ദിഷ്ട പോസ്‌റ്റോഫീസ് കെട്ടിട നിര്‍മ്മാണ സ്ഥലത്തു നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്യാനും വര്‍ഷംതോറും വന്‍തുക ചെലവഴിക്കുന്നു.
കുമ്പള ടൗണില്‍ മത്സ്യമാര്‍ക്കറ്റിനടുത്തുള്ള സ്‌കൂള്‍ റോഡിനടുത്താണ് തപാല്‍ വകുപ്പിന്റെ സ്ഥലം വര്‍ഷങ്ങളായി വെറുതെ കിടക്കുന്നത്. കാടുമൂടിക്കിടക്കുന്ന സ്ഥലം മാലിന്യനിക്ഷേപത്തിനു ടൗണില്‍ പറ്റിയ സ്ഥലമായി മാറുകയായിരുന്നു. ഇതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു സ്വകാര്യ വ്യക്തി ഈ സ്ഥലം കൈയേറിയിരുന്നു. ഹൈക്കോടതി വരെ നടന്ന കേസില്‍ തപാല്‍ വകുപ്പ് കൈയ്യേറ്റ സ്ഥലം തിരിച്ചു പിടിച്ചു. ഇതിനെ തുടര്‍ന്നു റവന്യു അധികൃതര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിനു കമ്പിവേലി കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പിവേലി തങ്ങളുടെ സ്ഥാപനങ്ങള്‍ക്കു വഴിയടക്കുകയാണെന്ന വ്യാപാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും മുറവിളിയെത്തുടര്‍ന്നു കമ്പിവേലി നീക്കം ചെയ്തു.
ജില്ലയില്‍ ആറു തപാല്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തിലുണ്ട്. സ്വന്തമായി സ്ഥലമുണ്ടായിട്ടും സംസ്ഥാനത്തു നൂറോളം തപാല്‍ ഓഫീസുകള്‍ ഇത്തരത്തില്‍ വാടകക്കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നു തപാല്‍ വിഭാഗം ജീവനക്കാര്‍ സൂചിപ്പിച്ചു. അതിനു വന്‍ തുക വര്‍ഷംതോറും വാടകയായി ചെലവാക്കുന്നു.
കുമ്പളയില്‍ വിശാലമായ പോസ്‌റ്റോഫീസ് കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു അധികൃതര്‍ സൂചിപ്പിച്ചു. തറനിലയില്‍ ഷോപ്പിംഗ് കോംപ്ലക്‌സും മുകള്‍ നിലയില്‍ പോസ്‌റ്റോഫീസും പ്രവര്‍ത്തിപ്പിക്കുമെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page