രണ്ടുവയസുകാരിയായ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; മൂന്നു ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടുവയസുകാരിയായ കുട്ടിയുടെ
ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ആയമാരായ മൂന്നുപേരെ അറസ്റ്റുചെയ്തു.
അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ആയമാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചതെന്ന് പറയുന്നു. ഇക്കാര്യം മറച്ചുവെച്ചതിനാണ് മറ്റു രണ്ടുപേര്‍ക്കെതിരെ കേസ്.
ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് ഉള്ളത്. പ്രതികളായ മൂന്ന് പേരും വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരാണ്. സംഭവം അറിഞ്ഞയുടനെ ശിശുക്ഷേമ സമിതി പൊലീസിന് വിവരം കൈമാറി. മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പറയുന്നു. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. മാതാവ് മരിച്ചതിനു പിന്നാലെ പിതാവു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് അഞ്ച് വയസുകാരിയായ സഹോദരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നാലാമതൊരാള്‍ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page