ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കളര്‍കോട് കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാംവർഷ വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷവും മരിച്ചു. തിങ്കളാഴ്ച രാത്രി 9.20ന് ആയിരുന്നു അപകടം. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. വണ്ടാനത്തെ ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്നു സഹപാഠികൾ പറഞ്ഞു. അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. പത്ത് പേരാണ് കാറിലുണ്ടായിരുന്നതെന്ന് ആര്‍ടിഓ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. കായംകുളം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. കാലാവസ്ഥ മൂലം കാഴ്ചപരിധി കുറഞ്ഞിട്ടുണ്ടാകാം. കാര്‍ അമിത വേഗത്തിലായിരുന്നില്ല എന്നാണ് നിഗമനമെന്നും ആര്‍ടിഓ പറഞ്ഞു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്.
കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ആലപ്പുഴ ജില്ലാ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page