അലഞ്ഞു നടന്ന ആളെ പിടിച്ചു കൊണ്ടുപോയി അടിച്ചു കൊന്ന കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളെ പിടിച്ചു കൊണ്ടു പോയി അടിച്ചു കൊന്ന ശേഷം മൃതദേഹം പാറപ്പുറത്ത് ഉപേക്ഷിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. ചപ്പാരപ്പടവ്, കാനാമഠത്തില്‍ പ്രഭാകരന്‍ (55) കൊലക്കേസിലെ പ്രതികളായ കെ. മുസ്തഫ, കെ.പി ആരിഫ്, എ.പി മിര്‍ഷാദ്, പി.കെ അര്‍ഷാദ് എന്നിവരെയാണ് തലശ്ശേരി അഡീ.സെഷന്‍സ് ജഡ്ജി ഫിലിപ് തോമസ് വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.
2016 ഫെബ്രുവരി 28ന് ആണ് കേസിനാസ്പദമായ സംഭവം. വളരെ ചെറുപ്പത്തില്‍ തന്നെ മോഷണരംഗത്തെത്തിയ ആളാണ് പ്രഭാകരന്‍. പിന്നീട് മോഷണ രംഗത്തു നിന്നും പിന്മാറിയ ശേഷം തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നു ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ രാത്രികാലങ്ങളില്‍ പച്ചക്കറി കടകളില്‍ നിന്നു ചാക്കു കണക്കിനു സാധനങ്ങള്‍ എടുത്തുകൊണ്ടു പോയി നശിപ്പിക്കുക പതിവാക്കി. കാക്കാത്തോട് ബസ് സ്റ്റാന്റിലെ ഒഴിഞ്ഞ കെട്ടിടത്തിലാണ് രാത്രി കാലങ്ങളില്‍ അന്തിയുറങ്ങിയിരുന്നത്. പുലര്‍ച്ചെ മാര്‍ക്കറ്റിലെ കടയുടെ വരാന്തയില്‍ ഇറക്കി വയ്ക്കുന്ന ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, വെളുത്തുള്ളി എന്നിവ കാണാതാവുന്നത് പതിവായി. ഇതിനു പിന്നില്‍ പ്രഭാകരന്‍ ആയിരുന്നു. മോഷ്ടിച്ചു കൊണ്ടുപോകുന്ന പച്ചക്കറികള്‍ ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥലങ്ങളില്‍ തന്നെ നശിച്ചുപോവുകയാണ് പതിവ്. ഇതിന്റെ പേരില്‍ പതിനായിരങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്. ഇതിനിടയിലാണ് പ്രഭാകരനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പുലര്‍ച്ചെ നഗരത്തില്‍ നിന്നു പിടികൂടിയ പ്രഭാകരനെ ഒരു സംഘം ബദരിയ്യ നഗറിലും സയ്യിദ് നഗറില്‍ വച്ചും അടിച്ചു കൊലപ്പെടുത്തി മൃതദേഹം പാറപ്പുറത്തു തള്ളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page