കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി മുളിയാറില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ആദ്യത്തെ പന്നിവേട്ടയാണ് മുളിയാറില്‍ നടന്നത്.
ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മുളിയാര്‍ പഞ്ചായത്തിലെ മളിക്കാലില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് കാട്ടുപന്നിയെ കണ്ടതും വെടിവച്ചു കൊന്നതും. വിവരമറിഞ്ഞ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ആര്‍ആര്‍ടി) എന്‍വി സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെഎ സാബു, അബ്ദുല്ല കുഞ്ഞി കൊളത്തൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ആര്‍ടി അംഗങ്ങള്‍, പൊതുപ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം എന്നിവര്‍ സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പന്നിയെ ശാസ്ത്രീയമായി സംസ്‌കരിച്ചതായി അധികൃതര്‍ അറിയിച്ചു. കാട്ടുപന്നികള്‍ നാട്ടിലെത്തിയാല്‍ വിവരമറിയിക്കണമെന്ന് ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.






