കാസര്‍കോട്: ദേശീയ പാത വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഷിറിയയില്‍ മേല്‍പ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാര്‍. പ്രദേശത്തെ വികസനം മുന്‍നിര്‍ത്തി ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് രൂപീകരിച്ച ഷിറിയ വികസന സമിതി മേല്‍പ്പാലത്തിനായുള്ള സമരം ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഷിറിയ വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് ഷിറിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഷിറിയ കുന്നില്‍ പ്രദേശം തീര്‍ത്തും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും. സ്വകാര്യ സ്‌കൂള്‍ മദ്‌റസ, അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളും, വിവിധ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ദേശീയ പാത നിര്‍മാണം കുട്ടികളുടെ സ്‌കൂള്‍ പഠനത്തെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഭൂമി ശാസ്ത്രപരമായി അടിപ്പാത അനുവദിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ കിഴക്ക്-പടിഞ്ഞാറ് പ്രദേശം റെയില്‍വേ ലൈന്‍ അടക്കം ഉള്‍പ്പെടുത്തി മേല്‍പ്പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ദേശീയ പാത സ്ഥലമേറ്റടുപ്പ് ഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ദേശീയ പാത ഉള്‍പ്പെടുത്തിയുള്ള മേല്‍പ്പാല നിര്‍മാണം റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുമുണ്ടായിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിയോഗിച്ച പ്രത്യേക സംഘം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ ജനപ്രതിനിധികള്‍ വേണ്ടത്ര ഇടപെടല്‍ നടത്താത്തത് ആവശ്യം പരിഗണിക്കാതെ പോയി. മംഗല്‍പ്പാടി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലായി ഷിറിയ വില്ലേജില്‍ കിഴക്ക്- പടിഞ്ഞാറായി വ്യാപിച്ച് കിടക്കുന്നതാണ് ഷിറിയ പ്രദേശം. ദേശീയ പാത വികസനം പൂര്‍ത്തിയാവുന്ന മുറക്ക് മേല്‍പ്പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. കാലങ്ങളായി ആളുകള്‍ റെയില്‍പ്പാളം മുറിച്ചുകടക്കാനുപയോഗിച്ചിരുന്ന വഴികള്‍ സമീപ ഭാവിയില്‍ റെയില്‍വേ അടക്കുന്നതോടെ പടിഞ്ഞാറുഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി ദേശീയപാതയില്‍ എത്തേണ്ട സാഹചര്യമുണ്ടാകും.
ഇരുഭാഗത്തായി ആയിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പലയിടത്തും അടിപ്പാതകളും ഫൂട്ട്ഓവര്‍ ബ്രിഡ്ജുകളും നിര്‍മിക്കുമ്പോള്‍ ഏറെ ദുരിതം അനുഭവിക്കുന്ന ഷിറിയ പ്രദേശത്തെ മാത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഷിറിയ വികസന സമിതി ചെയര്‍മാന്‍ അബ്ബാസ് കെ.എം ഓണന്ത, ഷിറിയ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷാഫി സഅദി ഷിറിയ, വികസന സമിതി ട്രഷറര്‍ ഹനീഫ് ഷിറിയ, മഹ്‌മൂദ് ഹാജി, മഷൂദ് ഷിറിയ, ജലീല്‍ ഷിറിയ സംബന്ധിച്ചു.







