പൈവളിഗെ: മഞ്ചേശ്വരത്തെയും കാസര്‍കോട്ടെയും ടൂറിസം പദ്ധതികള്‍ക്ക് ജീവന്‍ വെക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കെ ഏറെ പ്രതീക്ഷ നല്‍കുകയും ഫണ്ട് അനുവദിക്കുകയും, ഭരണാനുമതി ലഭിച്ചതുമായ പൊസഡിഗുംബെ ടൂറിസം പദ്ധതി തളര്‍വാതം ബാധിച്ച് സര്‍ക്കാര്‍ ഫയലില്‍ കിടന്നുറങ്ങുന്നു.
മഞ്ഞംപൊതിക്കുന്ന്, റാണിപുരം മലനിരകള്‍ക്കൊപ്പം ജില്ലയിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാക്കുകയായിരുന്നു പൊസഡിഗുംബെ ടൂറിസം പദ്ധതി. പ്രദേശം മഞ്ചേശ്വരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ എ.കെ.എം അഷ്റഫ് എം .എല്‍.എ 2023 സെപ്റ്റംബര്‍ മാസം പ്രസ്തുത ടൂറിസം പദ്ധതിയെ കുറിച്ച് നിയമസഭയില്‍ സംസാരിച്ചു. അതിന് മറുപടി പറഞ്ഞ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊസഡിഗുംബെ ടൂറിസം പദ്ധതിക്ക് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.11 കോടി രൂപ ഫണ്ട് അനുവദിച്ചതായും,ഇതിന് സാങ്കേതികാനുമതി നല്‍കിയതായും അറിയിച്ചു. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ പ്രവേശന കവാടം, ഇന്‍ഫര്‍മേഷന്‍ കി യോസ്‌ക്,കഫെ,ക്ലോക്ക് റൂം,ശുചി മുറികള്‍, വ്യൂ ടവര്‍ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുടങ്ങിയിട്ടില്ല.
ആയിരം അടിയോളം ഉയരത്തിലാണ് പൊസഡിഗുംബെ മലനിരകള്‍. ഇവിടെയെത്താന്‍ ഒന്നര കിലോമീറ്റര്‍ നടക്കണം. അവധി ദിവസങ്ങളില്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ചാറ്റല്‍ മഴ പോലത്തെ കോടമഞ്ഞു പൊഴിയുന്ന പുലരികളിലെ കാഴ്ചകള്‍ കാണാനും അതിരാവിലെ തന്നെ സഞ്ചാരികളെത്തുന്നു. മേഘ പാളികളെയും, കോടമഞ്ഞിനെയും കീറിമുറിച്ച് സൂര്യന്‍ പുറത്തെത്തുന്ന കാഴ്ച കണ്ണിന് വിരുന്നാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. കുമ്പളയില്‍ നിന്ന് ഏകദേശം 25 കിലോമീറ്ററോളം ദൂരമുണ്ട് പൊസഡി ഗുംബെയിലേക്ക്. കാസര്‍കോട് ജില്ലയിലെ പൈവളികെ പഞ്ചായത്തിലാണ് ഈ ടൂറിസം പ്രദേശം.
ഇവിടത്തെ വ്യൂ പോയിന്റ് എന്ന് പറയുന്നത് 1802 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതെന്ന് പറയുന്ന ഗ്രേറ്റ് ടിഗ്നേ മെട്രിക്കല്‍ സറ്റേഷനാണ്. ഇത് 2021ല്‍ അന്നത്തെ ജില്ലാ കലക്ടറായിരുന്ന ഡോ.ഡി സജിത്ത് ബാബുവിന്റെ പ്രത്യേകത താല്‍പര്യപ്രകാരം സംരക്ഷിച്ചു നിലനിര്‍ത്താന്‍ ബി.ആര്‍.ഡി.സി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോഴത് സാമൂഹിക വിരുദ്ധര്‍ വികൃതമാക്കിയ നിലയിലാണുള്ളത്. പിന്നീടാണ് പൊസഡി ഗുംബെ ടൂറിസം പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.
പാര്‍ക്കിംഗ് സംവിധാനമോ, ഭക്ഷണശാലയോ ഇവിടെ സമീപത്തായിട്ടില്ലാത്തത് സഞ്ചാരികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. വെള്ളവും ഭക്ഷണവുമൊക്കെ കരുതിയാണ് സഞ്ചാരികള്‍ വ്യൂ പോയിന്റിലെത്തുന്നത്. സ്ഥലത്തെക്കുറിച്ചുള്ള ബോര്‍ഡുകളോ, മറ്റോ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. സഞ്ചാരികള്‍ തന്നെ നടന്നു ഉണ്ടാക്കിയതാണ് മുകളിലേക്കുള്ള വഴി. അതുകൊണ്ടുതന്നെ കുത്തനെയുള്ള കയറ്റം മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും കുറച്ച് ആയാസകരമാണ്. ഉയരം കയറും തോറും കാഴ്ചാഭംഗി ആസ്വദിക്കാനാവും. സഞ്ചാരികള്‍ ഫോട്ടോ പകര്‍ത്തുന്നതും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നാണ്. കര്‍ണാടക മേഖലയിലെ മലനിരകള്‍ക്ക് മേലെയുള്ള കോടമഞ്ഞു മൂടുന്ന ഇവിടത്തെ കാഴ്ച മനോഹരമാണ്. ഇതാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ഏറെ ആകര്‍ഷിക്കുന്ന ഘടകവും. പൊസഡിഗുംബെയ്ക്കടുത്തായിട്ടുള്ള മംഗളടുക്ക ജംഗ്ഷനിലെ നോണങ്കല്‍, കമ്പം വെള്ളച്ചാട്ടങ്ങള്‍, തലമുഗര്‍ തൂക്കുപാലം, ഷിറിയ അണക്കെട്ട് തുടങ്ങിയവ വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. ഇവിടേക്ക് മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കുകയും, അടിസ്ഥാനസൗകര്യ വികസനവും എത്തിക്കാനുമായാല്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്രയൊക്കെയായിട്ടും സാങ്കേതികാനുമതിയും ഫണ്ടും ലഭിച്ച ടൂറിസം പദ്ധതിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നാണ് പ്രദേശവാദികള്‍ ഇപ്പോള്‍ ചോദിക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ ജനപ്രതിനിധികളുടെയും, പൈവളിഗെ ഗ്രാമപഞ്ചായത്തിന്റെയും അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു.







