സാമ്പത്തിക തര്‍ക്കം വരുമ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി പരാതി കൊടുക്കുന്ന പ്രവണത വര്‍ധിക്കുന്നു; വനിത കമ്മീഷന്‍

കാസര്‍കോട്: സാമ്പത്തിക തര്‍ക്കം വരുമ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വനിതാ കമ്മീഷനില്‍ പരാതി കൊടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായും ഇത് പരിശോധിച്ചു വരികയാണെന്നും കമ്മീഷന്‍ അംഗം പി. കുഞ്ഞായിഷ. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കുടുംബപ്രശ്‌നം ഗാര്‍ഹിക പീഡനം വഴിത്തര്‍ക്കം, അതിര്‍ത്തിത്തര്‍ക്കം, തുടങ്ങിയ പരാതികളാണ് കമ്മീഷന് ലഭിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഏറ്റവും അധികം പ്രയാസം നേരിടുന്നത് ചെറിയ കുട്ടികളാണ്. പരാതികളുമായി വരുന്നവരോടൊപ്പം കുട്ടികളും വരുന്നുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ട കാര്യം കമ്മീഷന്‍ പരിഗണിക്കും. കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയിലെയും എന്‍ഡോസള്‍ഫാന്‍ മേഖലയിലെയും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പബ്ലിക് ഹിയറിങ് നടത്തി ഇതിനകം പരിശോധിച്ചിട്ടുണ്ട്. അങ്ങനെ ഒട്ടനവധി പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ നടത്തുന്ന പ്രത്യേക പഠന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഈ മേഖലയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ നിന്നും വനിതാ കമ്മീഷന്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗം വ്യക്തമാക്കി. തെളിവെടുപ്പില്‍ 62 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 17 കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിന് അയച്ചു. രണ്ട് കേസുകള്‍ ജാഗ്രത സമിതിക്ക് വിട്ടു. അടുത്ത തെളിവെടുപ്പിലേക്ക് 25 കേസുകള്‍ മാറ്റിവെച്ചു. നാല് പുതിയ പരാതികള്‍ സ്വീകരിച്ചു. സിറ്റിങ്ങില്‍ വനിതാ സെല്‍ എ എസ് ഐ ടി ഷൈലജ, സിപിഒ ജയശ്രീ, കൗണ്‍സിലര്‍ രമ്യ മോള്‍, അഡ്വ.പി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page