കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം 26 മുതല്‍ 30 വരെ ഉദിനൂരില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലാ സ്‌കൂള്‍ കലോത്സവം ഉദിനൂരിന്റെ മണ്ണില്‍ എത്തിച്ചേരുന്നത്. 26, 27 തീയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 28, 29, 30 തീയ്യതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ഒന്നാം ദിവസം 320, രണ്ടാം ദിവസം 225, മൂന്നാം ദിവസം1500, നാലാം ദിവസം 1700, അഞ്ചാം ദിവസം 2100 കുട്ടികളാണ് വിവിധയിനങ്ങളില്‍ മത്സരിക്കുന്നത്. ഈ വര്‍ഷം മുതല്‍ 5 ഗോത്ര നൃത്തരൂപങ്ങള്‍ കൂടി( മംഗലം കളി, പണിയനൃത്തം, മലപുലയാട്ടം, പളിയനൃത്തം, ഇരുള നൃത്തം) മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് സബ് ജില്ലകളില്‍ നിന്ന് 316 ഇനങ്ങളിലായി സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ ആറായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.


കലോത്സവത്തിന്റെ ഉദ്ഘാടനം 28 ന് വൈകുന്നേരം നാലു മണിക്ക് പ്രശസ്ത സിനിമാ താരവും സംവിധായകനുമായ മധുപാല്‍ നിര്‍വഹിക്കും. സമാപന സമ്മേളനം 30ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലയിലുള്ള സംരംഭകര്‍ പങ്കെടുക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ ഈ വര്‍ഷത്തെ ജില്ലാതല ഉല്‍പ്പന്ന പ്രദര്‍ശന- വിപണനമേള 26 മുതല്‍ 30 വരെ കലോത്സവ നഗരിയിലുണ്ടാവും. കലോല്‍സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, സംഘാടകരായ സി.ജെ സജിത്ത്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.സുമേഷ്, സത്യന്‍ മാടക്കാല്‍, വി.വി സുരേശന്‍, പി.വി ലീന, കെ.സുബൈദ, റാഷിദ് മൂപ്പന്റകത്ത്, വിജിന്‍ദാസ് കിനാത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page