രണ്ടുവര്‍ഷം മുമ്പു 35 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചെര്‍ക്കള-ഉക്കിനടുക്ക റോഡ് കുണ്ടും കുഴിയുമായതായി പരാതി

കാസര്‍കോട്: 35 കോടി രൂപ ചെലവില്‍ രണ്ടു വര്‍ഷം മുമ്പു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചെര്‍ക്കള-ഉക്കിനടുക്ക റോഡ് തകര്‍ന്നു.
റോഡ് പണിയെടുത്തു മടുത്തു മടങ്ങിയ രണ്ടു കരാറുകാര്‍ക്കു ശേഷം എത്തിയ മൂന്നാമനാണ് പണി പൂര്‍ത്തിയാക്കിയെന്നു വരുത്തിത്തീര്‍ത്തത്. 35 കോടി രൂപ കൊണ്ടു കരാറുകാര്‍ എന്താണ് ചെയ്തതെന്ന് അപ്പപ്പോള്‍ നിരീക്ഷിക്കാന്‍ ഉണ്ടായിരുന്ന മരാമത്ത്-കിഫ്ബി സംവിധാനങ്ങള്‍ എന്താണു നിരീക്ഷിച്ചതെന്നതു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
ചെര്‍ക്കള-കല്ലട്ക്ക റോഡിലെ ഇതേ കാലയളവില്‍ പൂര്‍ത്തിയാക്കിയ കല്ലടുക്ക-ഉക്കിനടുക്ക റോഡ് ഒരു പോറല്‍ പോലുമേല്‍ക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതേ റോഡിന്റെ ആ ഭാഗവും നിര്‍മ്മിച്ചതു കരാറുകാരനായിരുന്നുവെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് മുതല്‍ ചെര്‍ക്കള വരെ നിര്‍മ്മിച്ച റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞുവെന്നു സിപിഎം ബദിയഡുക്ക ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഹാരിസ് ബി.ഡി.കെ അറിയിച്ചു. ഇതു മൂലം വാഹനങ്ങള്‍ ഓടാന്‍ പറ്റാത്ത അവസ്ഥയിലാണ്. ബൈക്ക് യാത്രക്കാര്‍ ദിവസവും കുഴിയില്‍ വീണ് അപകടം നേരിട്ടു കൊണ്ടിരിക്കുന്നു-അറിയിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളില്‍ നിന്നു നികുതികളായി തട്ടിപ്പറിക്കുന്ന പണം ചെലവഴിച്ചുണ്ടാക്കുന്ന റോഡുകള്‍ ഇങ്ങനെയാവുന്നതെന്തു കൊണ്ടാണെന്ന് അധികൃതരോട് അദ്ദേഹം ആരാഞ്ഞു. ജനങ്ങള്‍ക്കു യാത്ര ചെയ്യണം. അതിനു കുഴി അടിയന്തിരമായി അടക്കണം. താമസിയാതെ റോഡ് സുഗമമായ യാത്രക്കു സജ്ജമാക്കണം-അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ ജനകീയാവശ്യത്തിനു വേണ്ടി രൂക്ഷമായ എതിര്‍പ്പുമായി ജനങ്ങള്‍ക്കു രംഗത്തിറങ്ങേണ്ടി വരും. കിഫ്ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഹാരിസ് മുന്നറിയിച്ചു.
ചെര്‍ക്കള-കല്ലടുക്ക റോഡിലെ ചെര്‍ക്കള-ഉക്കിനടുക്ക, ഉക്കിനടുക്ക-കല്ലടുക്ക എന്നീ ഭാഗങ്ങളാണ് റബ്ബറൈസ്ഡ് ടാറിംഗ് നടത്തിയത്. കല്ലടുക്ക-ഉക്കിനടുക്ക-8കിലോമീറ്റര്‍ റോഡ് റബ്ബറൈസ്ഡ് ടാറിംഗ് ചെയ്യാന്‍ 19 കോടി രൂപയും ഉക്കിനടുക്ക-ചെര്‍ക്കള 19 കിലോമീറ്റര്‍ റോഡ് ഇതേ ഗുണനിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനു 35 കോടി രൂപയുമാണ് കിഫ്ബി വായ്പ നല്‍കിയിരുന്നത്. ഉക്കിനടുക്ക-കല്ലടുക്ക റോഡ് മൂന്നു വര്‍ഷം മുമ്പും ഉക്കിനടുക്ക-ചെര്‍ക്കള റോഡ് രണ്ടു വര്‍ഷം മുമ്പുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page