മൊബൈല്‍ ഫോണിന് അടിമ, സ്‌കൂളിലും പോകുന്നില്ല; 14 കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് പിതാവ് അടിച്ചുകൊന്നു, അസുഖ ബാധിതനായി മരിച്ചെന്ന് പ്രചരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചു

ബംഗളൂരു: മൊബൈലിന് അടിമയായതു കാരണം ക്ലാസില്‍ പോകാത്തതിന്റെ പേരില്‍ ഒന്‍പതാം ക്ലാസുകാരനെ പിതാവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയിലാണ് ബംഗളൂരു കുമാരസ്വാമി ലേഔട്ട് പരിസരത്ത് നഗരത്തെ നടുക്കിയ കൊല നടന്നത്. തേജസ് എന്ന 14 കാരനെയാണ് മരപ്പണിക്കാരനായ രവികുമാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. പഠനത്തില്‍ മിടുക്കനായ തേജസ് അടുത്തകാലത്തായി പിന്നോക്കം പോയിരുന്നു. മൊബൈല്‍ ഫോണിന് അടിമയായതോടെ സ്‌കൂളില്‍ പോകാനും മടി കാണിച്ചു തുടങ്ങി. പരീക്ഷകളില്‍ തോല്‍ക്കുന്നതും ക്ലാസില്‍ പോകാത്തതും മൊബൈല്‍ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചും ചുമരില്‍ തലയിടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് രക്തം വാര്‍ന്ന് മരണപ്പെട്ടതോടെ അസുഖമാണെന്ന് അയല്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് തിടുക്കത്തില്‍ സംസ്‌കാരം നടത്താന്‍ ശ്രമിച്ചു. മുറിയിലെ രക്തക്കറ തുടച്ചുമാറ്റുകയും ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാവ് ശശികല ഇതുകണ്ട് എതിര്‍ക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം തെളിഞ്ഞു. തുടര്‍ന്ന് തേജസ്സിന്റെ തല രവികുമാര്‍ ചുമരില്‍ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്. മരണപ്പെട്ട തേജസിന് രണ്ട് ഇളയ സഹോദരങ്ങളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page