കാസര്‍കോട്: ജില്ലയിലെ ആരോഗ്യ മേഖലയില്‍ ദുരിതങ്ങള്‍ ഏറുമ്പോഴും സര്‍ക്കാരും അധികാരികളും നോക്കുകുത്തിയായി നില്‍ക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ. ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വിളിച്ചോതുന്ന അവസാനത്തെ ഉദാഹരണമാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വം വെടിക്കെട്ടില്‍ അഞ്ച് ജീവനുകള്‍ പൊലിയാന്‍ ഇടവന്നത്. തീ പൊള്ളലേറ്റ നൂറു കണക്കിന് പേരെയും കൊണ്ട് ആംബുലന്‍സുകള്‍ സംസ്ഥാനത്തിന് പുറത്തേക്കും മറ്റ് ജില്ലകളിലേക്കും ചീറിപ്പായേണ്ടി വന്നത് നമ്മുടെ ജില്ലയില്‍ ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ടാണ് എന്ന ഭീകരമായ അവസ്ഥ ഈ അവസരത്തിലെങ്കിലും സര്‍ക്കാരും ജില്ലയിലെ ജനങ്ങളും തിരിച്ചറിയണമെന്നും എത്രയും പെട്ടെന്ന് തന്നെ ചികിത്സ നല്‍കാന്‍ പറ്റിയിരുന്നെങ്കില്‍ ഈ അഞ്ച് ജീവനും രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്നും ജനകീയ കൂട്ടായ്മ എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിയോഗത്തില്‍ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റുമാരായ അഹമ്മദ് കിര്‍മാണി, നാസര്‍ ചെര്‍ക്കളം, സൂര്യ നാരായണ ഭട്ട്, ഹക്കീം ബേക്കല്‍, സുമിത നിലേശ്വരം, സെക്രട്ടറിമാരായ അഡ്വ.അന്‍വര്‍.ടി.ഇ, ഉമ്മു ഹാനി, അഡ്വ.നിസാം ഫലാഹ് എന്നിവര്‍ സംസാരിച്ചു. അംഗങ്ങളായ അനന്തന്‍.കെ, മുഹമ്മദ് ഇച്ചിങ്കാല്‍, പ്രേമചന്ദ്രന്‍ ചോമ്പാല, മഹമൂദ് കൈക്കംബ, നാസര്‍ കൊട്ടിലങ്ങാട്, സാലിം ബേക്കല്‍, സി എച്ച് മുഹമ്മദ് കുഞ്ഞി, അശോക് കുമാര്‍. ബി, സരോജിനി പി.വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.







