വൃദ്ധനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി രൂപ തട്ടിയെടുത്തു; ദമ്പതികള്‍ അറസ്റ്റില്‍

തൃശൂര്‍: വൃദ്ധനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പ്രലോഭിപ്പിച്ചു രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍.
കൊല്ലം അഷ്ടമുടി ഇഞ്ചവിള തട്ടുതവിളയിലെ പുത്തന്‍ വീട്ടില്‍ സോജന്‍ (32), കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍ പടിറ്റത്തിലെ ഷെമി എന്ന ഫാബി(38) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അങ്കമാലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.
സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായ ഷെമി രണ്ടുവര്‍ഷം മുമ്പാണ് വൃദ്ധനായ വ്യാപാരിയെ കെണിയില്‍ കുരുക്കിയത്. താന്‍ എറണാകുളത്ത് ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും അവിവാഹിതയായ 23കാരിയാണെന്നും വ്യാപാരിയെ അറിയിച്ചു. അങ്ങനെ പരസ്പരബന്ധം ശക്തമായതോടെ ഫെമി വ്യാപാരിയെ വീഡിയോകോള്‍ ചെയ്തു തുടങ്ങി. ഇതിനിടയില്‍ ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്നു പറഞ്ഞു ചെറിയ ചെറിയ തുകകള്‍ വ്യാപാരിയോട് ആവശ്യപ്പെടുകയും ഉദാരമതിയായ വ്യാപാരി അത് അപ്പപ്പോള്‍ നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. ഇതോടൊപ്പം ഫെമി വ്യാപാരിക്കു ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അയച്ചുകൊണ്ടിരുന്നു.
യുവതിയുടെ ഇടപഴലുകളില്‍ ഇതിനിടയില്‍ സംശയം തോന്നിയ വ്യാപാരി പണം തിരിച്ചു ചോദിച്ചു. ഇതോടെ താനുമായുള്ള വീഡിയോ കോളുകള്‍ കാണിച്ചു യുവതി വ്യാപാരിയെ ഭീഷണിപ്പെടുത്തുകയും കൂടുതല്‍ തുക ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തു.
കച്ചവടത്തില്‍ നിന്നുണ്ടാക്കിയ പണം മുഴുവന്‍ യുവതി നിരവധി തവണയായി തട്ടിയെടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒഴിവുകഴിവുകള്‍ പറഞ്ഞ വ്യാപാരിയെ വീഡിയോ ദൃശ്യങ്ങളുടെ കാര്യം യുവതി ശാന്തമായി ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് വ്യാപാരി ഭാര്യയുടെയും ഭാര്യാമാതാവിന്റെയും ഫിക്‌സഡ് ഡിപ്പോസിറ്റ് പിന്‍വലിച്ചു യുവതിക്കു കൊടുത്തു. എന്നിട്ടും പണം ആവശ്യപ്പെട്ട യുവതിക്ക് ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണയം വച്ചു പണം കൊടുത്തു.
പിന്നെയും യുവതി പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതോടെ വ്യാപാരി വിവരങ്ങള്‍ മകനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിനു വ്യാപാരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അതിസൂക്ഷ്മമായി നടത്തിയ അന്വേഷണത്തില്‍ യുവതിയും ഭര്‍ത്താവും അങ്കമാലിയിലുണ്ടെന്ന് കണ്ടെത്തുകയും തന്ത്രപൂര്‍വ്വം അവരെ വലയില്‍ കുടുക്കുകയുമായിരുന്നു.
വ്യാപാരിയില്‍ നിന്നു തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇന്നോവ, ടൊയോട്ട ഗ്ലാന്‍സ കാറുകളും മഹീന്ദ്രഥാര്‍ ജീപ്പും എന്‍ഫീല്‍ഡ് ബുള്ളറ്റും 82 പവന്‍ സ്വര്‍ണ്ണവും യുവതിയും ഭര്‍ത്താവും ചേര്‍ന്നു വാങ്ങിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു സമാന തട്ടിപ്പുകള്‍ ഇവരില്‍ നിന്നുണ്ടായിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page