റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദമായ സഹചര്യത്തില്‍ യുവാവ്; ചോദ്യം ചെയ്തതോടെ കവര്‍ച്ചാ ശ്രമം പൊളിഞ്ഞു; നിരവധി മോഷണ കേസിലെ പ്രതിയെ റെയില്‍വേ പൊലീസ് പൊക്കി

കാസര്‍കോട്: ട്രെയിനുകളിലടക്കം നിരവധി മോഷണങ്ങള്‍ നടത്തിയ കേസിലെ പ്രതി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. കണ്ണൂര്‍ ശാന്തിഗിരി സ്വദേശി നിഖി(35)ലാണ് കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. മേല്‍വിലാസം ചോദിച്ചപ്പോള്‍ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ പരസ്പരവിരുദ്ധമായ രീതിയിലാണ് മറുപടി നല്‍കിയത്. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് എത്തിയതെന്ന് വ്യക്തമായത്. പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ കവര്‍ച്ച നടത്താനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. റെയില്‍വേ പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് തലശേരി പൊലീസ് എത്തി പ്രതിയെ അറസ്റ്റുചെയ്തു. തലശേരിയില്‍ മൂന്നുകേസുകള്‍ യുവാവിനെതിരെയുണ്ട്. സംസ്ഥാനത്തെ നിരവധി ട്രെയിന്‍ കവര്‍ച്ചാ കേസുകളിലും പ്രതിയാണ് നിഖിലെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് റെയില്‍വേ പൊലീസ് എസ് ഐ റെജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ പീറ്റര്‍, സുമി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page