കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനം; മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഷംസുദ്ദീന്‍ എന്ന നാലാം പ്രതിയെയാണ് കോടതി വെറുതേവിട്ടത്. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
2016 ജൂണ്‍ 15 ന് രാവിലെ 10.45 നായിരുന്നു കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പില്‍ സ്‌ഫോടനം. തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു. ഗുജറാത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്‌ഫോടനം നടത്തിയത്. ഇതില്‍ മൈസുരു കോടതി വളപ്പിലെ സ്‌ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ തുമ്പുണ്ടാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page