ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി; മദ്യലഹരിയില്‍ പൊലീസിനെ വിളിച്ച ആള്‍ പിടിയില്‍

കൊച്ചി: ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ച ആള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് ഹരിലാലിനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറും. ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. തന്റെ കാശ് മുഴുവന്‍ പോയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പൊലീസ് പിന്നീട് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണ് ഫോണ്‍വിളിയെന്നും അറിഞ്ഞത്. പൊലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാള്‍ കൊച്ചി കണ്‍ട്രോള്‍ റൂമിലും വിളിച്ചിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ തട്ടുകടയില്‍ ജോലിക്ക് വന്നയാളാണ് ഹരിലാല്‍ എന്നാണ് വിവരം. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page