കാസര്‍കോട്: മൊഗ്രാല്‍ ദേശീയപാതയില്‍ സര്‍വ്വീസ് റോഡില്‍ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. മൊഗ്രാല്‍പുത്തൂര്‍, കല്ലങ്കൈ, ബള്ളൂര്‍ ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്ര (55)യാണ് മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍. മൊഗ്രാലില്‍ എത്തിയപ്പോള്‍ സര്‍വ്വീസ് റോഡിലെ ഓവുചാലിന്റെ തിട്ടയില്‍ തട്ടി മറിഞ്ഞാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ ദിനേശ് ചന്ദ്രയുടെ ദേഹത്തിലൂടെ പിറകില്‍ നിന്നും എത്തിയ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മൊഗ്രാല്‍ ദേശീയ പാതയിലെ സര്‍വ്വീസ് റോഡില്‍ നടക്കുന്ന മൂന്നാമത്തെ അപകടമരണമാണ് ദിനേശ് ചന്ദ്രയുടേത്.
ഇടുങ്ങിയ സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടാകാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സര്‍വ്വീസ് റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഏരിയാകോട്ട ഭഗവതി ക്ഷേത്ര ഭരണസമിതി ട്രഷറര്‍ ആണ് അപകടത്തില്‍ മരിച്ച ദിനേശ് ചന്ദ്ര. മാതാവ്: രേവതി. ഭാര്യ: മമത. മക്കള്‍: സനുഷ, സന്‍ജിത്ത്. സഹോദരങ്ങള്‍: രവീന്ദ്രനാഥ്, നരേന്ദ്രന്‍, സുരേഷ്, അനില്‍.