പൈവളിഗെ, ബായാര്‍പദവിലെ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്; പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, ബായാര്‍പദവ്, കാംപ്‌കോയ്ക്കു സമീപത്തെ മുഹമ്മദ് ആസിഫി(29)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടേക്കും.കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം എന്തുകൊണ്ട് അനുവദിച്ചുകൂടെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനു ഹൈക്കോടതി നോട്ടീസയച്ചു. ഇതോടെ ദുരൂഹതകള്‍ നിറഞ്ഞ കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. മകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സക്കീനയാണ് അഡ്വ. ആസിഫലി മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് ആസിഫലിയാണ് ഇപ്പോള്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍). നോട്ടീസിനു മറുപടി ലഭിക്കുന്ന മുറക്ക് സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കും.
2025 ജനുവരി 15ന് ആണ് കേസിനാസ്പദമായ സംഭവം. ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്നാണ് മുഹമ്മദ് ആസിഫ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് വീട്ടില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ പൈവളിഗെ, കായര്‍ക്കട്ടയില്‍ റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ആസിഫിനെ കണ്ടത്. രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘമാണ് സംഭവം ആദ്യം കണ്ടത്. ആദ്യം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ലാ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ലോറിയുടെ അകത്തും സീറ്റിലെ ഡോറിലും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത് ഇതേ തുടര്‍ന്ന് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ചി് അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page