പത്തനംതിട്ട: മുന്‍ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറയുന്നതെല്ലാം കള്ളമെന്ന് ഭാര്യ മഞ്ജുഷ. കാര്യങ്ങള്‍ തുറന്നു പറയാന്‍ നവീന്‍ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നു മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബു തന്നെ ചേംബറില്‍ വന്ന് കണ്ടിരുന്നതായി കണ്ണൂര്‍ കളക്ടര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കളക്ടറുടെ മൊഴി തള്ളി നവീന്‍ ബാബുവിന്റെ ഭാര്യ മുന്നോട്ടുവന്നത്. കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയത്. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാല്‍ തന്നെ നവീന്‍ ബാബു ഒരു കാരണവശാലും തനിക്ക് തെറ്റ് പറ്റിയെന്ന രീതിയിലുള്ള ഒരു ഇടപെടലും നടത്താന്‍ സാധ്യതയില്ല. കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ലെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
എന്നാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യക്കായി കസ്റ്റഡി അപേക്ഷ നല്‍കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കളക്ടറുടെ മൊഴി സംശയകരമെന്നാണ് കുടുംബം വിമര്‍ശിക്കുന്നത്. വ്യാജ പരാതി ആരോപണം നേരിടുന്ന വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടിവി പ്രശാന്തനെതിരായ നടപടികള്‍ വൈകുന്നതിലും നവീന്‍ ബാബുവിന്റെ കുടുംബം സംശയമുന്നയിക്കുന്നു.