വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിന്റെ 52 പവനുമായി വരന്‍ മുങ്ങി; പിന്നെ ആഢംബര ജീവിതം, വധുവിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് പൊക്കിയപ്പോള്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ കലമ്പാട്ടുവിള ദേവീകൃപയില്‍ അനന്തുവാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല സ്വദേശിയായ യുവതിയുമായായിരുന്നു അനന്തുവിന്റെ വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ച് ആഢംബര വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം മുതല്‍ അനന്തുവും കുടുംബവും സ്ത്രീധനം ചോദിച്ച് യുവതിയെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.
യുവതിയുടെ പേരിലുള്ള വസ്തുവും വീടും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടായിരുന്നു മാനസികമായി പീഡിപ്പിച്ചത്. ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ എല്ലാം വീട്ടില്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറില്‍ സൂക്ഷിക്കണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അനന്തു തന്ത്രപൂര്‍വ്വം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ 14 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി. പണയം വച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലും ബംഗളൂരുവിലുമായി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു. തൃശ്ശൂരിലെ ഫിസിയോതെറാപ്പി സെന്ററില്‍ നിന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page