വിൽപ്പനക്കായി ഹാഷിഷ് കൈവശം വെച്ച പടന്നക്കാട് സ്വദേശിക്ക് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട് : മയക്കുമരുന്ന്, ഹാഷിഷ് ഓയിൽ എന്നിവ അനധികൃത വില്പനക്കായി കൈവശം വച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നക്കാട് ബിസ്മില്ലാ ഹൗസിലെ എ സി റിയാസിനെ(29)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ.കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം. 2022 സപ്തംബർ 29ന് ഉച്ചയ്ക്ക് ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള റിസോർട്ടിൽ വച്ചാണ് പ്രതിയിൽ നിന്ന് മയക്ക് മരുന്ന്, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്. വില്പനക്കായി കടത്തി കൊണ്ട് വന്ന് കൈവശം സൂക്ഷിക്കുകയായിരുന്നു. ബേക്കൽ എസ്.ഐ ആയിരുന്ന കെ സാലിം ആണ് മയക്ക് മരുന്ന് പിടികൂടുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തത്. ഇൻസ്പെക്ടറായിരുന്ന വിപിൻ യു.പിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ.ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page