കാസര്‍കോട്: താള നൃത്തകലയില്‍ വിസ്മയം തീര്‍ത്ത് ശ്രദ്ധേയയാവുകയാണ് മംഗളൂരു കങ്കനാടിയിലെ ബി.എസ്.സി വിദ്യാര്‍ഥിനിയായ അനുഷ എ. പിഴക്കാത്ത ചുവടുമായി ഭരതനാട്യം അവതരിപ്പിക്കുന്ന
അനുഷയെന്ന പത്തൊമ്പതുകാരിക്ക് നൃത്ത കലയില്‍ ഉയരങ്ങള്‍ താണ്ടണമെന്ന വലിയ മോഹമുണ്ട്.
ക്ലാസിക്കല്‍ ഡാന്‍സിലും മിടുമിടുക്കിയാണ് അനുഷ. ചലനങ്ങളില്‍ ചാലിച്ച് ഗാനങ്ങള്‍ക്കൊപ്പം കാണികളില്‍ കൗതുകവും വിസ്മയവുമുണര്‍ത്തി ഇതിനകം കാണികളുടെ കയ്യടി നേടിയിട്ടുണ്ട് അനുഷ. കുഞ്ഞു പ്രായത്തില്‍ നൃത്തത്തിനോടും ഡാന്‍സിനോടും തോന്നിയ അടങ്ങാത്ത അഭിനിവേശമാണ് അനുഷയെ പിന്നീട് ഒരു നൃത്ത കലാകാരിയാക്കിയത്. മംഗല്‍പ്പാടി ഐല ശ്രീ ദുര്‍ഘ പരമേശ്വരി ക്ഷേത്രത്തിനടുത്തെ ബാലകൃഷ്ണന്റെയും ചിത്രയുടെയും മകളാണ് അനുഷ. ഐല ശാരദബോവി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടത്തെ അധ്യാപികയില്‍ നിന്നാണ് നൃത്തം അഭ്യസിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ക്ഷേത്രത്തിലടക്കം ബജനകീര്‍ത്തനങ്ങളും അവതരിപ്പിക്കുകയാണ് അനുഷ. അനുഷയുടെ ട്രൂപ്പില്‍ എട്ട് കുട്ടികളാണുള്ളത്. സപ്ത ഭാഷകളുടെ സംഗമഭൂമിയാ ഈ വടക്കിന്റെ മണ്ണില്‍ നിന്നും ഇത്തരം നൃത്ത കലകളിലേക്ക് അധികമാരും ഉയര്‍ന്നു വരാറില്ല. ഇവിടെയാണ് തന്റെ കഠിന പ്രയത്‌നത്താലുള്ള അനുഷയുടെ വരവ് ശ്രദ്ധേയമാകുന്നത്. അസുഖ ബാധിതനായ അച്ഛന്‍ ബാലകൃഷ്ണന്‍ ഐല ക്ഷേത്രത്തില്‍ തന്നെ താല്‍ക്കാലിക ജീവനക്കാരനാണ്. ജോലിയൊന്ന് സ്ഥിരപ്പെട്ടിരുന്നെങ്കില്‍ ഈ മേഖലയില്‍ മകളെ മറ്റു കലകള്‍ കൂടി അഭ്യസിപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ബാലകൃഷ്ണന്‍ പറയുന്നു.







