എഡിഎം നവീന്‍ ബാബുവിന്റെ മരണം; ആറംഗ പ്രത്യേക പൊലീസ് ടീം അന്വേഷണം നടത്തും; ദിവ്യയെ ചോദ്യം ചെയ്യുന്നത് വൈകും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആറംഗ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തും. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. നിലവില്‍ കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ പൊലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനല്‍ കുമാര്‍, എസ്‌ഐമാരായ നവ്യ സജി, രേഷ്മ, സൈബര്‍ സെല്‍ എഎസ്‌ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. പുതിയ അന്വേഷണ സംഘവും ദിവ്യയെ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് വിവരം. അതേസമയം റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
ഇതിനിടെ എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെ ജോലിയില്‍ നിന്ന് പിരിച്ചു വിടും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page