സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു, കുടുംബം സൗദിയിലേക്ക് പോകും

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ. ഇതേ തുടർന്ന് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകും. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബം പുറപ്പെടുമെന്ന് സഹോദരന്‍ നസീര്‍ പറഞ്ഞു.
അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കട്ടെ എന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് അബ്ദുറഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്.
സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോട് കുടുംബവും യോജിക്കുകയായിരുന്നു. വിസിറ്റിംഗ് വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുടുംബം യാത്ര തിരിക്കും. സൗദി പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം ജയിലിലായത്. സൗദി പൗരന്റെ മരണത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിഞ്ഞുവരവേയാണ് റഹീമിന്റെ മോചനത്തിനായി നാടൊന്നാകെ കൈകോര്‍ത്തത്. ദിയാധനം സ്വീകരിച്ച് അബ്ദുല്‍ റഹീമിന് മാപ്പുനല്‍കാമെന്ന്, കൊല്ലപ്പെട്ട സൗദിയുവാവിന്റെ കുടുംബം ഔദ്യോഗികമായി റിയാദ് ക്രിമിനല്‍ കോടതിയെ അറിയിക്കുകയും തുടര്‍ നടപടികള്‍ക്കായി പണം കൈമാറുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട അനസ് അൽ ഷഹ്റിയുടെ കുടുംബത്തിന് ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (ഏകദേശം 35 കോടി രൂപ) ആണ് റിയാദ് ക്രിമിനൽ കോടതിക്ക് ചെക്ക് വഴി കൈമാറിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page