കോടികളുടെ ജിബിജി നിക്ഷേപതട്ടിപ്പ് പരമ്പര; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു, തീരുമാനം ആക്ഷന്‍ കമ്മിറ്റിയുടെ പ്രക്ഷോഭ പ്രഖ്യാപനത്തിനു പിന്നാലെ

കാസര്‍കോട്: കൂലിത്തൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവരില്‍ നിന്നായി കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.
കുണ്ടംകുഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗ്ലോബല്‍ ബിസിനസ്ഗ്രൂപ്പ് (ജിബിജി)നെതിരെയാണ് അന്വേഷണം. വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു പേരില്‍ നിന്നാണ് സ്ഥാപനം പണം പിരിച്ചെടുത്തത്. തുടക്കകാലത്ത് വാഗ്ദാനം ചെയ്തതു പ്രകാരം ലാഭവും നിക്ഷേപവും തിരികെ കൊടുത്തു വിശ്വാസം നേടിയ കമ്പനി പിന്നീട് തുക കൊടുത്തില്ല. ഇതോടെ നിക്ഷേപകര്‍ പരാതിയുമായി ബേഡകം പൊലീസിനെ സമീപിച്ചു. നിരവധി പേര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും 22 കേസുകള്‍ മാത്രമാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മറ്റു പരാതികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കൊപ്പം അന്വേഷിക്കുമെന്നായിരുന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡി. വിനോദ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്യുകയും കമ്പനിയുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളില്‍ നിന്നുള്ള 12 കോടി 68 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടു കെട്ടുകയും ചെയ്തിരുന്നു. ഈ തുക നിക്ഷേപകര്‍ക്കു തിരികെ കൊടുക്കാനോ കേസിന്റെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കാനോ പൊലീസ് തയ്യാറായിട്ടില്ല. പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനു ഇറങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള തീരുമാനം പുറത്തുവന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page