ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി; സച്ചിത തളര്‍ന്നത് ഡയാനയുടെ പിടിവാശിക്കു മുന്നില്‍ മാത്രം, അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്, യുവമോര്‍ച്ചയുടെ കുമ്പള പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകിട്ട്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ബദിയഡുക്കയില്‍ രണ്ടും ആദൂരില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസുകളുടെ എണ്ണം ഒരു ഡസനിലെത്തി.
ബദിയഡുക്ക പൊലീസ് രണ്ടു കേസുകളാണ് സച്ചിതയ്‌ക്കെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.
അഞ്ചാംക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സഹപാഠിയായിരുന്ന ഉബ്രംഗളയിലെ ഡയാന (27)യുടെ പരാതി പ്രകാരമാണ് ഒരു കേസ്. സിപിസിആര്‍ഐയില്‍ യു.ഡി ക്ലാര്‍ക്കിന്റെ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് 2.98 ലക്ഷം രൂപയാണ് വാങ്ങിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ജോലി വേണ്ടെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ഡയാന ആവശ്യപ്പെട്ടു. പല തവണ അവധി പറഞ്ഞതോടെ ഡയാന കര്‍ശന നിലപാട് സ്വീകരിച്ചു. ഇതോടെ ഒന്നരലക്ഷം രൂപ തിരികെ നല്‍കിയെന്നു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
സച്ചിതയുടെ സഹപാഠിയുടെ ജ്യേഷ്ഠത്തിയായ മാവിനക്കട്ടയിലെ റൈഹാനത്തിന്റെ പരാതി പ്രകാരമാണ് ബദിയഡുക്ക പൊലീസ് രണ്ടാമത്തെ കേസെടുത്തത്. കാസര്‍കോട്ടെ സ്‌കൂളില്‍ ക്ലാര്‍ക്കിന്റെ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് രണ്ടുതവണകളായി രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്നു പരാതിയില്‍ പറയുന്നു. ജോലിയോ പണമോ കിട്ടാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ആദൂര്‍ സ്വദേശിനിയും നവവധുവുമായ പ്രസന്നയുടെ പരാതിപ്രകാരമാണ് ആദൂര്‍ പൊലീസ് സച്ചിതയ്‌ക്കെതിരെ മറ്റൊരു കേസെടുത്തത്. എം.കോം ബിരുദധാരിയാണ് പരാതിക്കാരി. സഹകരണ ബാങ്കില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് 4.20 ലക്ഷം രൂപയാണ് കൈപ്പറ്റിയതെന്നു പരാതിയില്‍ പറഞ്ഞു. കേസുകളുടെ എണ്ണം ഡസനില്‍ എത്തിയിട്ടും സച്ചിതയെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. സച്ചിതയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകുന്നേരം കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചു നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page