കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷക്കണക്കിനു രൂപ വാങ്ങി മുങ്ങിയ മുന്‍ ഡി.വൈ.എഫ്.ഐ നേതാവും ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയുമായ സച്ചിതറൈയ്‌ക്കെതിരെ ബദിയഡുക്ക പൊലീസില്‍ രണ്ടു പേര്‍ കൂടി പരാതി നല്‍കി. നാരമ്പാടി, ഗോസാഡയിലെ രക്ഷിത, ഉക്കിനടുക്ക, കങ്കിലയിലെ സുജാത എന്നിവരാണ് പരാതി നല്‍കിയത്. രക്ഷിതയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതല്ലാതെ കേസെടുത്തില്ലെന്നു ആക്ഷേപമുണ്ട്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കൊപ്പം രക്ഷിതയുടെ പരാതിയെ കുറിച്ചും അന്വേഷിക്കുമെന്നാണ് പൊലീസ് അധികൃതര്‍ പരാതിക്കാരിയോട് വ്യക്തമാക്കിയത്. ഇത് തട്ടിപ്പ്‌കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയത്തിലാണ് പരാതിക്കാരി. രക്ഷിതയും പണം തട്ടിപ്പാക്കിയ സച്ചിതയും ഒരേ ക്ലാസിലാണ് ടി.ടി.സിക്ക് പഠിച്ചത്. ഈ പരിചയത്തിലാണ് പണം നല്‍കിയതെന്നു രക്ഷിത പറഞ്ഞു. സിപിസിആര്‍ഐയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 2022 ഡിസംബര്‍ ആദ്യവാരം ഒരു ലക്ഷം രൂപയാണ് സച്ചിതാറൈ തന്റെ അക്കൗണ്ടിലേക്ക് വാങ്ങിയത്. ബാക്കി നാലു ലക്ഷം രൂപ മൂന്നു തവണകളായും കൈപ്പറ്റി. എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കര്‍ണ്ണാടകയില്‍ ക്ലാര്‍ക്ക് ജോലി ശരിയാക്കിത്തരാമെന്നു മറുപടി പറഞ്ഞതായി രക്ഷിത പറഞ്ഞു. ഇതിനിടയില്‍ തനിക്ക് പകരം സഹോദരന്‍ ആകാശിനു ജോലി നല്‍കണമെന്നു അറിയിച്ചു. ഇതിനു സമ്മതം മൂളിയ സച്ചിതയില്‍ നിന്നു പിന്നീട് മാസങ്ങളോളം പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കര്‍ണ്ണാടകയിലെ സ്ഥാപനത്തില്‍ നിന്നു ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചിട്ടുണ്ടെന്നും പങ്കെടുക്കണമെന്നുമായിരുന്നു മറുപടി.
സച്ചിത പറഞ്ഞതു പ്രകാരം ദിവസങ്ങള്‍ക്കകം പോസ്റ്റ് കാര്‍ഡ് ലഭിച്ചു. 2024 ഫെബ്രുവരി 22ന് ഹുബ്ബള്ളിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്നാണ് കാര്‍ഡില്‍ പറയുന്നത്. എന്നാല്‍ ഇന്റര്‍വ്യൂ നടക്കുമെന്നു പറഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് ഇന്റര്‍വ്യു കാര്‍ഡ് ആകാശിനു ലഭിച്ചത്. ഇതേ കുറിച്ച് പോസ്‌റ്റോഫീസില്‍ എത്തി അന്വേഷിച്ചപ്പോഴാണ് കാര്‍ഡ് അയച്ചത് ഹുബ്ബള്ളിയില്‍ നിന്നല്ല കാസര്‍കോട്ടു നിന്നാണെന്ന കാര്യം പരാതിക്കാരിക്ക് മനസ്സിലായത്. മാത്രമല്ല ഇന്റര്‍വ്യു നടത്തുന്ന സ്ഥാപനത്തിന്റെ സീല്‍ പോലും കാര്‍ഡില്‍ ഉണ്ടായിരുന്നില്ല. ഇത് തന്നെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് അയച്ചതെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
കങ്കിലയിലെ സുജാത കഴിഞ്ഞ ദിവസമാണ് സച്ചിതയ്‌ക്കെതിരെ പരാതി നല്‍കിയത്. കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണ് അരലക്ഷം രൂപ വാങ്ങിയതെന്നു പരാതിയില്‍ വ്യക്തമാക്കി. അതേ സമയം സച്ചിതാറൈ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.







